ചേര്‍ത്തല: ചേർത്തലയിലെ ഡോക്ടര്‍ ദമ്പതികളിൽനിന്ന് ഓണ്‍ലൈനിലൂടെ 7.5 കോടി രൂപ തട്ടിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍. രാജസ്ഥാന് പാലി സ്വദേശി നിര്‍മല്‍ ജയിനിനെയാണ് (22) ജില്ല ക്രൈംബ്രാഞ്ച് രാജസ്ഥാനിലെ ജോജോവാറില്നിന്ന് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് നിര്‍മല്‍ ജയിന്. അറസ്റ്റ് കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
കേസിലെ പ്രധാനിയായ മഹാരാഷ്ട്ര സ്വദേശി ഭഗവാന് റാമിനെയും ക്രൈംബ്രാഞ്ച് സെപ്റ്റംബറിൽ പിടികൂടിയിരുന്നു. കേസില്‍ ആദ്യ അന്വേഷണം നടത്തിയിരുന്ന ചേര്‍ത്തല പൊലീസ് സംഭവത്തില്‍ കണ്ണികളായ ഏതാനുംപേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. ഭഗവാന് റാമിന്റെ അറസ്റ്റിനുശേഷം നിര്‍മല്‍ ഒളിവിലായിരുന്നു.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സുനില്‍രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐമാരായ ടി.ഡി. നെവിന്, മോഹന്‍കുമാര്‍, എ.എസ്.ഐ വി.വി. വിനോദ്, സി.പി.ഒമാരായ രഞ്ജിത്ത്, സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലി ജില്ലയിലെ ജോജോവാര്‍ എന്ന സ്ഥലത്തെ ഒളിസങ്കേതത്തില്‍നിന്ന് ഇയാളെ പിടികൂടിയത്.
2022 മുതല്‍ നിര്‍മല്‍ ജയിന് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് പിടിയിലാകുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ക്ക് പത്തോളം ബാങ്കുകളില്‍ അക്കൗണ്ടുകളും ക്രിപ്റ്റോ വാലറ്റുകളും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളുടെ പേരില്‍ നിര്‍മൽ നിരവധി വ്യാജ ഇ-മെയില്‍ ഐ.ഡികള്‍ ഉണ്ടാക്കിയതായും തെളിഞ്ഞു.
ജൂണിലാണ് ഓഹരിവിപണിയില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് സംഘം പണം തട്ടിയത്. സംസ്ഥാനത്തുതന്നെ തുകയുടെ കണക്കില്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പായാണ് ഇത് കണക്കാക്കുന്നത്. ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ചിലെ എസ്.ഐമാരായ അഗസ്റ്റ്യന്‍ വർഗീസ്, സജി കുമാര്‍ (സൈബര്‍ സെല്‍), സുധീര്‍ എ., എസ്.സി.പി.ഒ ബൈജു മോന്, സി.പി.ഒ ആന്റണി ജോസഫ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.