മട്ടാഞ്ചേരി: 75ാം സ്വാതന്ത്ര്യവാർഷികം നടക്കുമ്പോൾ വിസ്മരിക്കപ്പെട്ടുപോയ വിപ്ലവചരിത്രമായി മാറുകയാണ് വെള്ളിയാഴ്ച 78 വർഷം തികയുന്ന ബ്രിട്ടീഷ് സൈനിക ബാരക്ക് തീവെപ്പ്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വിപ്ലവസമര പോരാളികളിലേക്ക് ആവേശം പടർത്തിയ സംഭവമായിരുന്നു ബ്രിട്ടീഷുകാർ 'കൊച്ചിൻ ബാരക് സബാട്ടാഷ്' എന്ന പേരുനൽകിയ 1943ലെ തീവെപ്പ്.
ആഗസ്റ്റ് 27 നായിരുന്നു ബ്രിട്ടീഷ് മലബാറിെൻറ ഭാഗമായ ഫോർട്ടുകൊച്ചിയിലെ 501 കോസ്റ്റൽ ആർട്ടിലറി ആർമി ക്യാമ്പിലെ ബ്രിട്ടീഷ് സൈനികകേന്ദ്രത്തിൽ വിപ്ലവകാരികളായ യുവാക്കൾ നുഴഞ്ഞുകയറി ബാരക്കിന് തീ കൊളുത്തിയത്. സുഭാഷ് ചന്ദ്രബോസിെൻറ ആദർശം മനസ്സിൽ കൊണ്ടു നടന്ന ആർമി ക്യാമ്പിലെ സെൻട്രി ഡ്യൂട്ടിക്കാരായ ബംഗാൾ റെജിമെൻറിലെ ചില സൈനികരുടെ സഹായത്തോടെയായിരുന്നു തീവെപ്പ് നടത്തിയത്.
ആദ്യകാല തീവ്രരാഷ്ട്രീയത്തിെൻറ പ്രയോക്താക്കളായിരുന്ന മത്തായി മാഞ്ഞൂരാനും ജോൺ മാഞ്ഞൂരാനുമായിരുന്നു സംഭവത്തിനു പിന്നിൽ. ഇപ്പോഴത്തെ നാവിക പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു ബ്രിട്ടീഷ് ക്യാമ്പ്. പുലർച്ച ഒന്ന് കഴിഞ്ഞാൽ ബംഗാൾ റെജിമെൻറിലെ സൈനികരെയാണ് കാവൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
1943 ആഗസ്റ്റ് 27ന് പുലർച്ച രേണ്ടാടെ കാവലിലുണ്ടായിരുന്നവർ മൂന്നുയുവാക്കളെ ക്യാമ്പിലേക്ക് കടത്തിവിട്ടു. ബ്രിട്ടീഷ് സൈനികർ ഗാഢനിദ്രയിലായിരുന്ന അവസരം മുതലെടുത്ത് ഇവർ ബാരക്കിന് തീകൊളുത്തി. സംഭവശേഷം മൂവർ സംഘം ബ്രിട്ടീഷ് കൊച്ചിയുടെ അതിർത്തി കനാൽ നീന്തി കൊച്ചി രാജ്യത്തിലേക്ക് കടന്നു. 'കൊച്ചിയും കലാപത്തിെൻറ പാതയിൽ' എന്നായിരുന്നു പിറ്റേ ദിവസം സംഭവത്തെ ദേശീയപത്രങ്ങൾ വിശേഷിപ്പിച്ചത്.
രോഷാകുലരായ ബ്രിട്ടീഷ് പട്ടാളം ഫോർട്ട്കൊച്ചിയിൽ അഴിഞ്ഞാടി. നിരപരാധികളായ യുവാക്കളെ വീടുകൾ തോറും കയറി തല്ലിച്ചതച്ചു. ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് സംഭവസമയം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബംഗാൾ റെജിമെൻറിലെ അഞ്ചുപേരെ കോർട്ട് മാർഷൽ ചെയ്ത് മദിരാശിയിലേക്ക് കൊണ്ടുപോയി.
സംഭവത്തിന് ഒരുമാസം തികഞ്ഞ സെപ്റ്റംബർ 27ന് അഞ്ചുപേരെയും സേന വെടിവെച്ചുകൊന്നു. വധശിക്ഷ നടപ്പാക്കിയ ദിവസം ബംഗാളി വിപ്ലവഗാനം ആലപിച്ചായിരുന്നു കൊച്ചിയിലെ യുവാക്കൾ രക്തസാക്ഷികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.