കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി ഹൈകോടതി ഡിവിഷൻബെഞ്ച് തള്ളി. കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം െചയ്യണമെന്ന മേയ് 28ലെ ഉത്തരവ് ചോദ്യം ചെയ്ത് എംപവർ ഇന്ത്യ ഫൗണ്ടേഷൻ കേരള സ്റ്റേറ്റ് കോഒാഡിനേറ്ററും കോട്ടക്കൽ മലബാർ പോളിടെക്നിക് കോളജ് പ്രിൻസിപ്പലുമായ അൻവർ സാദത്ത് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.
മുസ്ലിം വിഭാഗത്തിെൻറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സച്ചാർ, പാലോളി കമ്മിറ്റികളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിന് പ്രത്യേക പദ്ധതി ആരംഭിച്ചതെന്നും സ്കോളർഷിപ് ലഭിക്കുന്നവരുടെയും ബന്ധപ്പെട്ട സമുദായത്തിെൻറയും വാദം കേൾക്കാതെ പൊതുതാൽപര്യ ഹരജിയിൽ പുറപ്പെടുവിച്ച വിധി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു പുനഃപരിശോധന ഹരജിയിലെ വാദം.
പൊതുതാൽപര്യത്തിന് വിരുദ്ധമായതിനാൽ വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഡിവിഷൻ ബെഞ്ച് വിധിക്ക് അനുസൃതമായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഇതിെൻറ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അതിനാൽ, ഹരജി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.