മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരന് പിതാവിന്റെ ക്രൂരമർദനം. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് മകനെ അച്ഛൻ മർദിക്കുന്നതായ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ മദ്യപിച്ചെത്തിയാണ് ഇയാൾ മർദിക്കുന്നത്. കൈകൾകൊണ്ട് നിരവധി തവണ ഇയാൾ മകനെ തല്ലുന്നുണ്ട്. ഈ സമയമെല്ലാം നിർവികാരനായി അച്ഛനൊപ്പം ഇരിക്കുകയാണ് മകൻ. നേരത്തേയും ഇയാൾ മകനെ ക്രൂരമായി മർദിച്ചിട്ടുണ്ട്. അന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ച് കേസ് എടുത്തിരുന്നു. അന്ന് ബാലാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീടും മദ്യപിച്ചെത്തി ഇയാൾ മകനെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മകനെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വിവാഹമോചനത്തിനുശേഷം ഇയാൾ മകനുമായി സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്. കേസ് എടുത്തശേഷം പൊലീസ് വീട്ടിൽ പരിശോധനക്ക് ചെന്നിരുന്നു. എന്നാൽ, അതിനുശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെത്തുടർന്ന് രണ്ടുമാസം മുമ്പ് സംഭവത്തിൽ കേസെടുത്തിരുന്നതായി മാവേലിക്കര പൊലീസ് അറിയിച്ചു. പൊലീസ് ഇടപെടലിനുശേഷം പിന്നീട് പ്രശ്നങ്ങളുണ്ടായതായി അറിവില്ല. പുതുതായി പരാതി ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ പ്രകാരം സംഭവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.