അമ്മത്തൊട്ടിലിൽ വീണ്ടും ആൺകുഞ്ഞ് എത്തി, ഗഗൻ എന്ന് പേരിട്ടു

തിരുവനന്തപുരം: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും ഒരാൺകുഞ്ഞ് എത്തി. ശനിയാഴ്ച രാത്രി 8.45-നാണ് 2.6 . കിഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന പുതിയ അതിഥിയുടെ വരവ്.

തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നലാമത്തെ ആൺകുഞ്ഞാണ് നവാഗതൻ. ആഗസ്റ്റ് 24-ന് ശേഷം ലഭിക്കുന്ന മൂന്നാമത്തെ ആൺ കുഞ്ഞ്. മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്നവർ ഏറെയും പെൺകുട്ടികളായിരുന്നു. ഇന്ത്യൻ ആകാശം സുരക്ഷിതമാക്കുന്ന രാജ്യത്തിന്റെ കാവൽക്കാരായ വ്യോമസേന ദിനത്തിനു ആദരവ് പ്രകടിപ്പിച്ചു വ്യോമഗതാഗതം സുരക്ഷിതമാക്കാൻ ജി.പി.എസിന്റെ സഹായത്തോടെ അവർ വികസിപ്പിച്ചെടുത്ത ഗഗൻ എന്ന സംവിധാനത്തിന്റെയും ആകാശ സീമകൾ ഒന്നോന്നായി എത്തിപ്പിടിക്കാനുള്ള ഇന്ത്യൻ ശാസ്ത്രജ്ജരുടെ അടങ്ങാത്ത അഭിവാഞ്ജയിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യൻ ഭൗത്യത്തിന്റെ മുന്നോടിയായി ഐ.എസ്.ആർ.ഒ ഈ മാസം അവസാനം വിക്ഷേപണം ചെയ്യുന്ന 'ഗഗൻയാൻ ' ന്റെയും ഓർമകൾക്കായി പുതിയ കുരുന്നിന്" ഗഗൻ" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.

പതിവുപൊലെ അതിഥിയുടെ വരവ് അറിയിച്ചു ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിട്ടറിൽ കുട്ടിയുടെ ചിത്രവും ഭാരവും അറിയിച്ചു സന്ദേശമെത്തി. ഒപ്പം ബീപ്പ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഷീജ.എസ്.ടിയും ആയമാരും സുരക്ഷാ ഉദ്യോഗസ്ഥരും അമ്മത്തൊട്ടിലിൽ എത്തി കുരുന്നിനെ തുടർ പരിചരണക്കായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു.

തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ അതിഥി പൂർണ ആരോഗ്യവാനാണ്. 2022 നവംബർ 14 ന് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ഇവ വഴി ലഭിക്കുന്ന 586-മത്തെ കുട്ടിയും തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ ഹൈടെക്ക് ആക്കി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തിന് തുറന്നു കൊടുത്ത ശേഷം ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയുമാണ് ഗഗൻ. കുട്ടിയുടെ ദത്തു നൽകൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.

Tags:    
News Summary - A baby boy again arrived in the mother's cradle and was named Gagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.