കുണ്ടറയിലെ യുവതിയുടെ പീഡനപരാതിയില്‍ കേസെടുത്തു

തിരുവനന്തപുരം: കുണ്ടറയിലെ യുവതിയുടെ പീഡനപരാതിയില്‍ പൊലീസ് കേസെടുത്തു. ബാറുടമയും എൻ.സി.പി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്മാകരന് എതിരെയുള്ള പരാതി ഒത്ത് തീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പരാതിയില്‍ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐ.ഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ അന്വേഷണം നടത്താനാണ് എൻ.സി.പിയുടെ തീരുമാനം. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നും എൻ.സി.പി നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. 

Tags:    
News Summary - A case has been registered against a woman in Kundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.