തിരുവനന്തപുരം: പൗരത്വത്തിന്‍റെ പേരിൽ ആരെയും പുറന്തള്ളാൻ അനുവദിക്കരുതെന്നും പ്രശ്നപരിഹാരത്തിന് രാഷ്ട്രീയവും നിയമപരവുമായ നീക്കം വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയസമ്മേളനത്തിന്റെ ഭാഗമായി ‘ഭരണകൂട ഭീകരതയും ഇന്ത്യന്‍ വര്‍ത്തമാനകാലവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രേഖകള്‍ കൈവശമില്ലാത്ത കുടിയേറ്റക്കാരുടെ പൗരത്വം ഒരു പ്രശ്‌നംതന്നെയാണ്.
പൗരത്വം സംബന്ധിച്ച് ഇന്നുള്ള കേസുകൾ ഓരോന്നും പരിശോധിച്ച് തീർപ്പ് കൽപ്പിക്കുക സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ കേസ് നടത്താന്‍ മാത്രം ഇരുനൂറിലേറെ വര്‍ഷം വേണ്ടിവരും. ഈ പ്രശ്‌നത്തിന് രാഷ്ട്രീയവും നിയമപരവുമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. എതിര്‍പ്പിന്റെ സ്വരങ്ങളെ ജയിലിലടയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. പണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമടക്കം വേട്ടയാടപ്പെടുന്നു. ഈ ഭീകരാവസ്ഥയിലും ഉജ്ജ്വലമായ സമരം നടത്തിയ കര്‍ഷകര്‍ ധീരമായ മാതൃകയാണ്. പൊലീസ് സ്റ്റേഷനുകളിലും മനുഷ്യാവകാശ ലംഘനങ്ങളില്ല എന്നുറപ്പാക്കാന്‍ കര്‍ശനമായ നിരീക്ഷണം ആവശ്യമാണെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു.
അത്യന്തം ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വിഷയാവതരണം നടത്തിയ എം.എ. ബേബി പറഞ്ഞു.മതേതരരാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി ഒരു മതരാഷ്ട്ര സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണ് രാജ്യത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരായ പ്രതികരണം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഭയം ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് എ.എ. റഹീം എം.പി പറഞ്ഞു.
മാധ്യമങ്ങളും ജനാധിപത്യവിശ്വാസികളും ഉള്‍പ്പെടെ പാരതന്ത്ര്യത്തിന്റെ ഇരുട്ടിലാണ്. ഇരകളായ മനുഷ്യരുടെ ഏകോപനത്തിലൂടെ മാത്രമേ വര്‍ഗീയതയെ തോൽപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം തുടർന്നു. പി.കെ. ശ്രീമതി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.