സ്‌കൂട്ടറിനു പിറകിൽ ക്രെയിനിടിച്ച് നവവധുവിന് ദാരുണാന്ത്യം; നിക്കാഹ് കഴിഞ്ഞത് ഞായറാഴ്ച; അപകടം നവവരന്‍റെ കൺമുന്നിൽ

പെരിന്തൽമണ്ണ: സ്കൂട്ടറിൽ ക്രെയിനിടിച്ച് ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിക്ക് നവവരന്റെ കൺമുന്നിൽ ദാരുണാന്ത്യം. പെരിന്തൽമണ്ണ പാണമ്പി സ്വദേശി പുളിക്കൽ നജീബിന്റെയും ഫജീലയുടെയും മകൾ നേഹയാണ് (21) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി കഴിച്ച ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. ഇരുവർക്കും നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം ഒരുക്കിയിരുന്നു. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ ബി.എസ് സി നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, അഷർ ഫൈസൽ കോളജിലെത്തി കൂട്ടിക്കൊണ്ടുപോയി സൽക്കാരം കഴിഞ്ഞ് കോളജിൽതന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം.

അപകടം നടന്ന ഭാഗത്ത് ഡിവൈഡറുള്ളതിനാൽ വേഗംകുറച്ച് തിരിക്കാനിരിക്കെയാണ് പിന്നിൽ അമിതവേഗത്തിലെത്തിയ ക്രെയിൻ സ്കൂട്ടറിലിടിച്ചത്. റോഡിൽ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയിൽപെടുകയായിരുന്നു. അഷർ ഫൈസൽ മറുഭാഗത്തേക്കും വീണു. ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകൾക്കകം മരിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാർ.

Tags:    
News Summary - A crane hit the back of the scooter, Student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.