തിരുവനന്തപുരം: കെ.എസ്.യു നേതാവ് അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അൻസിലിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിക്കപ്പെടുന്നത് എസ്.എഫ്.ഐ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു. അൻസിലിനെതിരെ വാർത്ത പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’ക്കും ഗൂഢാലോചന നടത്തിയ എസ്.എഫ്.ഐ നേതൃത്വത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ജൂൺ 13ന് അൻസിൽ ജലീലിനെതിരായി ആരോപണം ദേശാഭിമാനി പത്രത്തിൽ വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും പത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറയുന്നതിന് ഏഴു ദിവസം മുന്നേതന്നെ കെ.എസ്.യു നിലപാട് വ്യക്തമാക്കിയിരുന്നു. ദേശാഭിമാനിക്ക് ഈ സർട്ടിഫിക്കറ്റ് എവിടെനിന്ന് ലഭിച്ചെന്നും അലോഷ്യസ് ചോദിച്ചു. കേരളത്തിലെ കോളജുകളിലോ ഏതെങ്കിലും സ്ഥാപനങ്ങളിലോ അൻസിലിന്റെ പേരിൽ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിയില്ല. 2014-17 കാലത്ത് ആലപ്പുഴ എസ്.ഡി കോളജിൽ ബി.എ ഹിന്ദി പഠിച്ചിരുന്ന അൻസിലിന് കോഴ്സ് ഇടക്കാലത്ത് ഉപേക്ഷിക്കേണ്ടിവന്നു.
കുടുംബ പശ്ചാത്തലവും പിതാവിന്റെ രോഗാവസ്ഥയും കാരണം പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിൽ കലക്ഷൻ ഏജന്റായി അന്‍സിൽ ജോലി ചെയ്തും ചായക്കട നടത്തിയുമാണ് മുന്നോട്ടുപോയത്. അൻസിൽ തെരഞ്ഞെടുത്ത തൊഴിലിന് ബി.കോം മാനദണ്ഡമായിരുന്നില്ല. പ്ലസ് ടു സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അൻസിൽ ജോലിക്ക് പ്രവേശിച്ചതെന്നും കെ.എസ്.യു പ്രസിഡന്റ് പറഞ്ഞു. തനിക്ക് ബിരുദ സർട്ടിഫിക്കറ്റില്ലെന്നും ദേശാഭിമാനിയിൽ വന്നത് തന്റെ പേരിൽ വ്യാജമായി സൃഷ്ടിച്ചതാണെന്നും അൻസിലും വിശദീകരിച്ചു.
പരാതി പത്രവാർത്തയുടെ അടിസ്ഥാനത്തിൽ -വി.സി
തിരുവനന്തപുരം: അൻസിൽ ജലീലിന്റെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത് ‘ദേശാഭിമാനി’ പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലെന്ന് കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. സർവകലാശാലയിൽ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ അതിന്റെ പകർപ്പോ ലഭിച്ചിട്ടില്ല. അത്തരമൊരു വാർത്ത പ്രചരിക്കുന്നത് രാജ്യത്ത് ഉയർന്ന റാങ്കുള്ള കേരള സർവകലാശാലയുടെ സൽപേരിന് ദോഷകരമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ പൊലീസിൽ പരാതി നൽകിയതെന്നും വി.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.