മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ ധർമശാല ബി.എഡ് സെന്റർ കമ്പ്യൂട്ടര്‍ ലാബിൽ തീപിടിത്തം. പൂട്ടിയിട്ട ലാബിൽനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ പുക ഉയർന്നതോടെയാണ് തീപിടിച്ചത് ബി.എഡ് സെന്ററിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കോളജ് അധികൃതർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തളിപ്പറമ്പിൽനിന്ന് അഗ്നിശമനസേനയെത്തി കമ്പ്യൂട്ടര്‍ ലാബിെൻറ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. ശക്തമായ പുക കാരണവും വെള്ളം ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഥലമായതിനാലും ഫയർ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലാബിലെ വൈദ്യുതി വയറിങ് സംവിധാനം പൂർണമായും കത്തിനശിച്ചു. 14ഓളം കമ്പ്യൂട്ടറും ഇലക്ട്രിക്കൽ ഉപകരണങ്ങളും കരിപുരണ്ട അവസ്ഥയിലാണ്. ഷോർട്ട് സർക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ക്രിസ്മസ് അവധി ആയതിനാൽ ലാബിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. എല്ലാ കമ്പ്യൂട്ടറുകളുടെയും വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു.
അതിനാൽ കമ്പ്യൂട്ടറുകൾക്ക് കാര്യമായ തകരാറു സംഭവിച്ചിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തിയാലേ നഷ്ടം കണക്കാക്കാന്‍ സാധ്യമാകൂവെന്ന് സർവകാല അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.