കൊച്ചി: വെള്ളിയാഴ്ച കാണാതായ ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരി മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ 21 മണിക്കൂറിനുശേഷം കണ്ടെത്തി. തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ വീടിനുസമീപം താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ബിഹാർ സ്വദേശി അസ്ഫാഖ് ആലമാണ് (28) അറസ്റ്റിലായത്.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയതകൾക്കുമൊടുവിലാണ് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ കുന്നുകൂടിയ പ്രദേശത്ത് കണ്ടെത്തിയത്.
ശരീരമാസകലം മുറിവേൽപിച്ച് ചളിയിൽ പൂഴ്ത്തിയശേഷം മുകളിൽ കല്ലുകളും മാലിന്യവുമിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ടെന്നും പീഡനത്തിനിരയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പോസ്റ്റ്േമാർട്ടത്തിനുശേഷം പുറത്തുവന്ന പ്രാഥമിക വിവരം. നാലുവർഷമായി ആലുവയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നാട് നടുങ്ങിയ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്തുള്ള വീട്ടിൽനിന്നാണ് കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന് വൈകീട്ട് ഏഴരയോടെ കുട്ടിയുടെ മാതാവ് ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമീപവാസികളുടെ മൊഴിയെടുത്തുമാണ് പ്രതിയിലേക്ക് എത്തിയത്.
കുട്ടിയുമായി ഒരാൾ നടന്നുപോകുന്ന ദൃശ്യം ഗാരേജിന് അടുത്തുള്ള സി.സി.ടി.വിയിൽനിന്ന് ലഭിച്ചത് നിർണായകമായി. ദൃശ്യത്തിലുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടർന്നു. അന്വേഷണത്തിൽ രാത്രി ഒമ്പതോടെ പ്രതി അസ്ഫാഖ് ആലം കസ്റ്റഡിയിലായി.
മദ്യപിച്ച് ലക്കുകെട്ട് അബോധാവസ്ഥയിലായിരുന്നു ഈ സമയം പ്രതി. രാത്രിയിൽതന്നെ ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ലഹരിയുടെ ആധിക്യത്താൽ മറുപടികളൊന്നും പൊലീസിന് ലഭിച്ചില്ല.
ശനിയാഴ്ച രാവിലെ ഇയാൾക്ക് സ്വബോധം കിട്ടിയതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഈസമയം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പ്രതി പറഞ്ഞത്. തുടർന്ന്, വിവരം വെളിപ്പെടുത്തിയതോടെ ആലുവ മാർക്കറ്റിനകത്തെ ആരും കടന്നുചെല്ലാത്ത മാലിന്യക്കൂമ്പാരത്തിനകത്ത് പൊലീസ് പരിശോധന നടത്തുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മാരക പരിക്കുകളാണ് കുട്ടിയുടെ ശരീരത്തുണ്ടായിരുന്നതെന്നും മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നുവെന്നും റേഞ്ച് ഡി.ഐ.ജി ഡോ. ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചക്ക് ഒന്നേകാലോടെ പിതാവിനെ സംഭവസ്ഥലത്തെത്തിച്ച് മൃതദേഹം കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തി. ആലുവ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ ഏഴരക്ക് വീട്ടിലേക്ക് കൊണ്ടുപോകും. പത്തരയോടെ കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.