പയ്യന്നൂർ: ഏഴുവർഷങ്ങൾക്കു മുമ്പ് മനോനില തെറ്റിയ നിലയിൽ കരിവെള്ളൂർ ഭാഗത്ത് അലഞ്ഞുനടക്കുന്നതായി കണ്ടെത്തിയ യുവതി വീണ്ടും കുടുംബ തണലിൽ. പിലാത്തറ ഹോപ്പിലെ സ്നേഹ തണലിൽ നിന്നാണ് ശാന്തി ജാർഖണ്ഡിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
പയ്യന്നൂർ പൊലീസ് ആണ് ശാന്തിയെ കണ്ടെത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. മനോനില തെറ്റിയ നിലയിലായതിനെ തുടർന്നാണ് പൊലീസ് ഹോപ്പിൽ എത്തിച്ചത്. ശാന്തി എന്ന ശാന്തി മുണ്ടയെ ദീർഘ നാളത്തെ പരിചരണവും ചികിത്സയും കൊണ്ട് പൂർണാരോഗ്യം വീണ്ടെടുത്തു നൽകി. ഇതിനുശേഷമാണ് ശാന്തി വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. ഇതോടെയാണ് വീട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ജാർഖണ്ഡിലേക്ക് പുറപ്പെട്ട ഹോപ്പ് അധികൃതർ ജന്മദേശമായ ജാർഖണ്ഡിൽ എത്തിച്ച് സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറി.
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്ബസ സഖി വൺ സ്റ്റോപ്പ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ജാർഖണ്ഡ് വനിത-ശിശു വികസന സാമൂഹിക സുരക്ഷ വകുപ്പിനു വേണ്ടി നളിനി ഗോപ്പെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് കൗൺസിലർ നമ്രത ഗോർ, മൾട്ടിപർപ്പസ് വർക്കർ നിത കോര, ഹോപ്പ് പ്രതിനിധിയായി എത്തിയ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സെക്രട്ടറി ജാക്വലിൻ ബിന്ന സ്റ്റാൻലി, യുവ ഹോപ്പ് കോഓഡിനേറ്റർ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് ശാന്തിയുടെ അമ്മായി ജയശ്രീ മുണ്ട, സഹോദരി സുകുമതി മുണ്ട എന്നിവർക്ക് കൈമാറി.
ഏഴുവർഷങ്ങൾക്ക് ശേഷമുള്ള ശാന്തിയുടെ കുടുംബസമാഗമം കണ്ടിരുന്ന ഏവരുടെയും കണ്ണുകൾ നിറച്ചു. കേരളത്തിലെ സുരക്ഷിതത്വവും കരുതലും ജാർഖണ്ഡിന് പുതിയ അനുഭവമായി. വർഷങ്ങളായി ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ് ഹോപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.