കൊച്ചി: മുസ്ലിം പള്ളിയിലെ നമസ്കാരവും മറ്റും നേരിൽ കാണാൻ ഫാ. സ്റ്റീഫൻ മാത്യുവിന്‍റെ നേതൃത്വത്തിൽ വയനാട്ടിൽനിന്നുള്ള സംഘം എറണാകുളം ഗ്രാൻഡ് ജുമാമസ്ജിദിലെത്തി. അവരെ കാണാനും സംവദിക്കാനും ചെന്നൈ വിഷ്ണു മോഹൻ ഫൗണ്ടേഷൻ സ്ഥാപകൻ സ്വാമി ഹരിപ്രസാദും റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീനും സംസ്കൃത സർവകലാശാല ആക്ടിങ് പി.വി.സി ഡോ. ശ്രീകല എം. നായരും എത്തി. അസ്വർ നമസ്കാരം കണ്ടും സ്നേഹവിരുന്നിൽ പങ്കെടുത്തും മനം നിറഞ്ഞാണ് ആദിവാസികളും ജനപ്രതിനിധികളും ഉൾപ്പെടുന്ന 50 അംഗ സംഘം മടങ്ങിയത്.
ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി പ്രസിഡന്‍റ് സി.എച്ച്. അബ്ദുറഹീം, മസ്ജിദ് ഇമാം എം.പി. ഫൈസൽ, ചെയർമാൻ അഷ്റഫ്, സുഹൈൽ ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് സംഘം വയനാട്ടിൽനിന്ന് പുറപ്പെട്ടതെന്ന് ഫാ. സ്റ്റീഫൻ മാത്യു പറഞ്ഞു. വയനാട്ടിലെ ഓരോ പഞ്ചായത്തിലും മൂന്നു വർഷമായി പ്രവർത്തിക്കുന്ന പീസ് കമ്മിറ്റിയംഗങ്ങളാണ് എല്ലാവരും. വിവിധ മതക്കാരായ സ്ത്രീകളും പുരുഷന്മാരും സംഘത്തിലുണ്ട്. ബുധനാഴ്ച കാലടി ശ്രീശങ്കര ആശ്രമം സന്ദർശിക്കുമെന്നും ഗ്രാൻഡ് മസ്ജിദിൽ ലഭിച്ച സ്വീകരണം മനസ്സ് നിറക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു.
മറ്റുള്ളവർക്ക് മുറിവേൽപ്പിക്കുന്നതാകരുത് നമ്മുടെ ഇഷ്ടങ്ങളെന്ന് സ്വാമി ഹരിപ്രസാദ് ഉണർത്തി. ബലഹീനരെ സംരക്ഷിക്കുന്നതാകണം ബലവാന്മാരുടെ കർമം. സ്വന്തം മതം ഹൃദയത്തിൽ ഉറപ്പിക്കുമ്പോൾതന്നെ മറ്റ് മതവിശ്വാസികളെ പ്രയാസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മതം തന്നെ അപകടമാണെന്ന് വരുത്താൻ ശ്രമിക്കുന്നവരുടെ കാലത്ത് ഇത്തരം കൂട്ടായ്മകൾക്ക് പ്രാധാന്യമുണ്ടെന്ന് ഡോ. ശ്രീകല എം. നായർ അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടി നിലകൊള്ളുമ്പോഴാണ് ദൈവത്തോട് കൂടുതൽ അടുക്കുകയെന്ന് ഇമാം എം.പി. ഫൈസൽ പറഞ്ഞു.
നേരത്തേ എറണാകുളം ചാവറ കൾചറൽ സെന്‍ററിൽ എത്തിയ സംഘത്തോട് പ്രഫ. എം.കെ. സാനു സംവദിച്ചു. ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, ഫാ. തോമസ് പുതുശ്ശേരി, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, ജെബിന്‍ ജോസ്, പ്രഫ. എന്‍.ആര്‍. മേനോന്‍, ബണ്‍ഡി സിങ്, സെയ്തലവി, നീതിവേദി സെക്രട്ടറി ഫ്ലെയ്‌സി, പീസ് ഫോറം ചെയർമാൻ കെ.ഐ. തോമസ്, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.