ബംഗളൂരു: ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ തുടക്കത്തിൽതന്നെ ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തിട്ടും കർണാടകയിലെ മാധ്യമങ്ങളിൽപോലും കാര്യമായ വാർത്തയായിരുന്നില്ല. പിന്നീട്, മലയാളിയായ അർജുനുവേണ്ടി കേരളമൊന്നാകെ ഉണർന്നതോടെയാണ് അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഉത്തരകന്നട ജില്ല ഭരണകൂടം രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നത്. സാധ്യമായ സംവിധാനങ്ങളെല്ലാമെത്തിക്കാൻ കേരളം കർണാടകക്കുമേൽ സമ്മർദം ചെലുത്തിയതോടെ പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയോടെ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.
ഷിരൂർ ദുരന്ത പശ്ചാത്തലത്തിൽ ഇത്തരം ദുരന്തമേഖലകളിൽ പാലിക്കേണ്ട പൊതുമാർഗരേഖ രൂപപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാളികളായ ഒരുകൂട്ടം അഭിഭാഷകർ കർണാടക ഹൈകോടതിയിൽ ഹരജിയും നൽകി. പ്രസ്തുത ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. എസ്.ഡി.ആർ.എഫും എൻ.ഡി.ആർ.എഫും കരസേനയും നാവികസേനയും മുങ്ങൽ വിദഗ്ധരും സാങ്കേതിക വിദഗ്ധരും രാഷ്ട്രീയനേതാക്കളും മലയാള മാധ്യമങ്ങളും ദൗത്യത്തിനൊപ്പം നിന്നു. കോരിച്ചൊരിയുന്ന മഴയും കുത്തിയൊഴുകുന്ന ഗംഗാവാലി പുഴയും തീർത്ത പ്രതിരോധത്തിനിടയിലും വിവിധ ഘട്ടങ്ങളിലായി തെരച്ചിൽ തുടർന്നു.
ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള സാമ്പത്തിക ചെലവടക്കം വഹിക്കാമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്റെ കുടുംബത്തിന് നൽകിയ ഉറപ്പിലാണ് മൂന്നാം ദൗത്യം ആരംഭിക്കുന്നത്. ജീവനോടെ തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരു മലയാളി യുവാവിനായി കേരളക്കരയാകെ ദിവസങ്ങളോളം ഷിരൂരിലേക്ക് പ്രാർഥനയോടെ കണ്ണുകൾ പായിച്ചു. ഒടുവിൽ ശ്രമകരമായ ദൗത്യത്തിലൂടെ അർജുന്റെ ശേഷിപ്പുകൾ പുറത്തെടുക്കുമ്പോൾ, ദുരന്തമുഖങ്ങളിലെ അപൂർവമായ ഒരു ദൗത്യത്തിന്റെ അടയാളപ്പെടുത്തലായി അതുമാറി. അർജുന്റെ മൃതദേഹവും ലോറിയും വീണ്ടെടുത്തശേഷം കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞ നന്ദി വാക്കുകളിൽ അതിന്റെ അനുരണനമുണ്ടായിരുന്നു.
ജൂലൈ 16
കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനും ലോറിയും അപകടത്തിൽപ്പെട്ടു. 11 പേരെ കാണാതായി. ബെളഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രക്കിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്.
ജൂലൈ 19
കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിനുശേഷം ദേശീയപാതയിൽ അടിഞ്ഞ മണ്ണ് നീക്കുന്ന പ്രവൃത്തി തുടങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം എ.ഡി.ജി.പി ആർ. ഹിതേന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. അർജുന്റെ മാതാവ് ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു എന്നിവർ കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ സഹായാഭ്യർഥനയുമായി സമീപിച്ചു.
ജൂലൈ 20
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും ചളികുഴഞ്ഞ മണ്ണും രക്ഷാദൗത്യം ദുഷ്കരമാക്കി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ എം.കെ. രാഘവൻ എം.പി ബന്ധപ്പെട്ടു. അപകടസ്ഥലത്ത് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗിച്ചുള്ള പരിശോധന. വലിയ ലൈറ്റുകൾ ഉപയോഗിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം. ജി.പി.ആർ ഉപയോഗിച്ച് സൂറത്കൽ എൻ.ഐ.ടിയിൽനിന്നുള്ള മലയാളികൾ അടങ്ങുന്ന സംഘം കരയിലും ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ഗംഗാവാലി നദിയിലും തിരച്ചിൽ നടത്തി.
ജൂലൈ 22
റോഡിലെ മൺകൂനയിൽ 98 ശതമാനവും നീക്കി കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു. സൈന്യത്തിന്റെ അത്യാധുനിക റഡാർ സംവിധാനമായ ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്ഷൻ എന്നിവ ഉപയോഗിച്ച് കരയിൽ കരസേനയും ഗംഗാവാലി പുഴയിൽ നാവികസേനയിലെ സ്കൂബ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി.
ജൂലൈ 24
ലോറി കണ്ടെത്തിയതായി ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയ മാധ്യമങ്ങളെ അറിയിച്ചു. നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിൽ ലോറി കണ്ടെത്തിയതായി കേരള ചീഫ് സെക്രട്ടറിയെ കർണാടക ചീഫ് സെക്രട്ടറി അറിയിച്ചു.
ജൂലൈ 27
ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ലോറിയുടെ സാന്നിധ്യംപോലും തിരിച്ചറിഞ്ഞില്ല. രാജസ്ഥാനിൽനിന്ന് അതിവിദഗ്ധരായ സ്കൂബ ഡൈവർമാരെ കൊണ്ടുവരാനും ഗോവയിൽനിന്ന് മണ്ണുനീക്കൽ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതിൽ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു.
ജൂലൈ 28
നാവികസേന ഷിരൂരിൽനിന്ന് ഏതാണ്ട് കളമൊഴിഞ്ഞു. തിരച്ചിൽ താൽക്കാലികമായി നിർത്തി.
ആഗസ്റ്റ് 2
കർണാടകം കൈയൊഴിഞ്ഞ ദൗത്യത്തിൽനിന്ന് കേരളവും പിന്മാറുന്നു. ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് തൃശൂർ ജില്ല ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടർക്ക് കൈമാറി.
ആഗസ്റ്റ് 4
തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കർണാടക ഹൈകോടതി വിഷയത്തിൽ ഇടപെട്ടു. കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ആഗസ്റ്റ് 6
ഷിരൂർ കടലിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആരുടേതാണെന്ന് മനസ്സിലായിട്ടില്ല. മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്.
ആഗസ്റ്റ് 13
തിരച്ചിൽ പുനരാരംഭിച്ചു. ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളും കണ്ടെടുത്തു.
ആഗസ്റ്റ് 14
പുഴയിൽനിന്ന് ലോറിയിലെ കയറും വാഹനങ്ങളുടെ ലോഹഭാഗങ്ങളും വീണ്ടെടുത്തു. തിരച്ചിലിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രകൃതി ദുരന്ത നിവാരണ സേന എന്നിവർ പങ്കാളികളായി.
ആഗസ്റ്റ് 15
തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തി. ഇനി ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ.
സെപ്റ്റംബർ 21
മൂന്നാമത്തെ തിരച്ചിൽ ദൗത്യം ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പുറത്തെടുത്ത കാബിനും ടയറുകളും അര്ജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ടു ടയറുകളും കാബിനും പുറത്തെടുത്തത്.
സെപ്റ്റംബർ 25
അർജുന്റെ ലോറി ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 72ാം ദിവസം ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽനിന്ന് ദൗത്യസംഘം കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.