പെരിങ്ങത്തൂർ(കണ്ണൂർ): പെരിങ്ങത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടുകിണറ്റിൽ വീണ പുള്ളിപ്പുലിയെ ഒരു പകൽ നീണ്ട പരിശ്രമത്തിനിടെ പുറത്തെടുത്തെങ്കിലും ചത്തു. അണിയാരം സൗത്ത് എൽ.പി സ്കൂളിനു സമീപം മലാൽ സുനീഷിന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ച് വൈദ്യപരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അൽപ സമയത്തിനകമായിരുന്നു മരണം. ഏഴു വയസ്സുള്ള ആൺപുലിയാണ് ചത്തത്.
ബുധനാഴ്ച രാവിലെ 10ഓടെയാണ് പുലിയെ കിണറ്റിൽ കണ്ടെത്തിയത്. പുലർച്ച രണ്ടോടെ കിണറിൽ വീഴുന്ന ശബ്ദം അയൽവാസികൾ കേട്ടെങ്കിലും രാവിലെ 10ഓടെയാണ് കിണറിൽ പുലിയെ കണ്ടെത്തിയത്. ഉടൻ പരിസരവാസികൾ ചൊക്ലി പൊലീസിനെ വിവരമറിയിച്ചു. തലശ്ശേരി, പാനൂർ അഗ്നിരക്ഷ സേന, കണ്ണവം, ആറളം, കൊട്ടിയൂർ, തളിപ്പറമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി വിഭാഗം ഡോക്ടർമാർ എന്നിവർ സ്ഥലത്തെത്തി. കിണറ്റിൽനിന്ന് പുറത്തെത്തിക്കാൻ എട്ടു മണിക്കൂർ വേണ്ടിവന്നു. രാവിലെ 10ഓടെ തുടങ്ങിയ രക്ഷാദൗത്യം വൈകീട്ട് ആറോടെയാണ് പൂർത്തിയായത്. മയക്കുവെടിവെച്ചാണ് പുലിയെ കരക്കെത്തിച്ച് പ്രത്യേകം തയാറാക്കിയ കൂട്ടിലടച്ചത്. പിടികൂടുമ്പോൾതന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. പുലിയെ വ്യാഴാഴ്ച സുൽത്താൻ ബത്തേരിയിൽനിന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.