കൊച്ചി: മെട്രോ നഗരത്തിെൻറ ആഡംബരത്തിനും പളപളപ്പുകൾക്കുമിപ്പുറം കതൃക്കടവിലെ ഫാ. മാനുവൽ റോഡിൽ ഒരു കൊച്ചു ഒറ്റമുറി വീടുണ്ട്. ആ വീട്ടിൽ നിസ്സഹായതയുടെയും തോരാനൊമ്പരത്തിെൻറയും ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളായി ഒരമ്മയും മകളും.
62 വയസ്സുള്ള ഹൃദ്രോഗിയായ ലീലാമ്മ റോയിയും ഒന്ന് നടക്കാൻ പോലുമാവാത്ത മകൾ റോസും. 25 വയസ്സായിട്ടും 85 ശതമാനം അംഗപരിമിതിയും കുഞ്ഞു ശരീരവുമായി വീൽചെയറിൽ കഴിയുന്ന റോസ് കണ്ണീരിനിടയിലും തെളിഞ്ഞു ചിരിക്കുകയാണ്.
മഴയൊന്നുറച്ച് പെയ്താൽ ആ വീടകം നിറയെ അഴുക്കു വെള്ളമാണ്. മുന്നിലും പിന്നിലുമില്ല അടച്ചുറപ്പുള്ള വാതിലുകൾ, പിറകിെല തൊടിയിൽനിന്ന് പാമ്പുൾെപ്പടെ ഇഴജന്തുക്കൾ വന്നുകയറാറുണ്ട്. അങ്ങിങ്ങായി പൊളിഞ്ഞടർന്ന മേൽക്കൂരയിലൂടെ മഴവെള്ളം പെയ്തിറങ്ങുന്നത് ഇവരുടെ നെഞ്ചകങ്ങളിലേക്കാണ്. പഴയ വീട്ടുസാധനങ്ങൾ അടുക്കിപ്പെറുക്കി വെച്ചുകഴിഞ്ഞ് സ്ഥലമൊട്ടും ബാക്കിയില്ല ഈ കുഞ്ഞുവീട്ടിൽ. വീടെന്നു വിശേഷിപ്പിക്കാൻ പോലുമാവാത്ത ആ കിടപ്പുമുറിയിൽ ലീലാമ്മയും മകളും ശ്വാസമടക്കി ജീവിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
''ബാത്ത്റൂം പോലുമില്ല ഇവിടെ, നല്ലൊരു വീട്ടീ കെടക്കണം, രക്ഷപ്പെടണം..''ഇതാണ് ലീലാമ്മക്കു പറയാനുള്ളത്. പ്ലസ്ടു വരെ പലരുടെയും സഹായത്തോടെ പഠിച്ച റോസിന് ഇനിയും പഠിക്കണമെന്നാഗ്രഹമുണ്ട്, അതിനു മുമ്പേ നല്ലൊരു വീടു കിട്ടിയിരുന്നെങ്കിൽ എന്നാണവളുടെ പ്രാർഥന.
ഹൃദ്രോഗവും പ്രമേഹവും ക്രൂരമായി ശല്യപ്പെടുത്തുന്ന ഈ അമ്മ ഒന്നിലധികം തവണ പക്ഷാഘാതം വന്നിട്ടും തളരാതെ മകൾക്കു വേണ്ടി വിധിയോട് പോരാടുകയാണ്. മരുന്നിനോ ചികിത്സക്കോ പണമില്ല. ഏറെ നാൾ പട്ടിണി കിടന്നു. കതൃക്കടവ് സെൻറ് ഫ്രാൻസിസ് പള്ളിയിലെ ഫാ.ജെറോം ചെമ്മാണിയോടത്തും ചില ബന്ധുക്കളും നൽകുന്ന സഹായങ്ങളും റോസിനു കിട്ടുന്ന പെൻഷൻ തുകയും മാത്രമാണ് ആശ്വാസം. മകൾ പിറന്ന് ഏറെ വൈകാതെ ഉപേക്ഷിച്ച ഭർത്താവിെൻറ പീഡനങ്ങൾ ഇന്നും നേരിടുന്നതായി ലീലാമ്മ പറയുന്നു. ''ഞാൻ മരിച്ചുപോയാൽ മോൾക്കാരുണ്ടെന്ന്'' ലീലാമ്മയും ''റോസ് മോൾ മരിച്ചുപോയാൽ മമ്മിക്കാരൂണ്ടാവില്ലല്ലോയെന്ന്'' മകളും പരസ്പരം ചോദിക്കുമ്പോൾ ഹൃദയത്തിൽ മുള്ളു കൊണ്ട് കീറുന്ന വേദനയായിരിക്കണം അവർക്ക്.
മകളെ പൊക്കിയെടുക്കാനുള്ള ആരോഗ്യമൊന്നും ഈ അമ്മക്കില്ല. ഈ ഇരുളിലും വെളിച്ചത്തിെൻറ പ്രതിഫലനം ഇരുവരുടെയും മുഖത്ത് തെളിഞ്ഞുകത്തുന്നതു കാണാം, എന്നെങ്കിലും എല്ലാം ശരിയാവുമെന്ന പ്രത്യാശയാണത്.
ലീലാമ്മയുടെ ഫോൺ: 9746917763, അക്കൗണ്ട് നമ്പർ: 39573308322 (ലീലാമ്മ റോയ്-എസ്.ബി.ഐ കതൃക്കടവ് ശാഖ), ഐ.എഫ്.എസ്.സി:SBIN0018060
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.