വീണ്ടും എത്തി മലയാറ്റൂർ മല കയറി എ.എൻ.രാധാകൃഷ്ണൻ

കാലടി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ പുതുഞായർ തിരുനാളിന് മലയാറ്റൂർ കുരിശ് മുടി കയറി. പ്രാദേശിക ബി.ജെ.പി പ്രവർത്തകരോടൊപ്പം മലയാറ്റൂരിൽ എത്തിയ അദ്ദേഹം, മല കയറുന്ന വിഡിയോ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്തുവിട്ടു. ക്രിസ്ത്യൻ വിഭാഗത്തെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി ദുഃഖ വെള്ളി ദിവസം മലകയറാന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാവിലെ എഴരക്കാണ് അടിവാരത്ത് പ്രവർത്തകർക്ക് ഒപ്പം എത്തിയത്. മല കയറി ഇറങ്ങിയ ശേഷം വികാരി ഫാ. വർഗീസ് മണവാളനുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. അടുത്ത ദിവസം കേന്ദ്ര ന്യൂനപക്ഷ സഹ മന്ത്രി ജോൺ ബെർള മലയാറ്റൂർ എത്തുകയും വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോഹിതന്മാരുമായും ട്രസ്റ്റിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വികാരി ഫാ. വർഗീസ് മണവാളന് ഒപ്പം

ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫ്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ്, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ഷീജ സതീഷ്, ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂർ, ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്‍റ് ജോബി പോൾ, തുറവൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി സാബു, ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ എന്നിവരും മലകയറാൻ ഉണ്ടായിരുന്നു.

ദുഃഖ വെള്ളി ദിവസം മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിനും ട്രോളുകൾക്കും കാരണമായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനമുയർന്നു. മലയാറ്റൂർ മല കയറും എന്ന് കൊട്ടി​ഘോഷിച്ച് എത്തിയശേഷം ഒടുവിൽ കുരിശുമുടി കയറാതെ തിരിച്ചുപോവുകയായിരുന്നു. ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പം മലകയറും എന്ന പ്രഖ്യാപനം പ്രഹസനമായതോടെ വ്യാപക വിമ​ർശനമാണ് ക്രിസ്തുമത വിശ്വാസികളിൽനിന്നും ബി.ജെ.പി അണികളിൽനിന്നും ഇദ്ദേഹം നേരിടുന്നത്.

14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ച് തിരിച്ചിറങ്ങിയിരുന്നു. ഇതിനുപിന്നാലെ ഫേസ്ബുക്കിൽ ‘ബിജെപി മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ ഏപ്രിൽ 7 ദുഃഖവെള്ളി ദിനത്തിൽ സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത് തല പ്രവർത്തകർ മലയാറ്റൂർ മല കയറി’ എന്ന പേരിൽ ചിത്രം പോസ്റ്റ് ചെയ്തു. ഇതിന് താഴെ രൂക്ഷമായ പരിഹാസവും എതിർപ്പുകളുമാണ് കമന്റുകളായി വരുന്നത്.

മലകയറിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ‘ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. 42 ശതമാനത്തിൽ കൂടുതൽ ക്രൈസ്തവരുള്ള ഗോവ ഭരിക്കുന്നത് ഞങ്ങളാണ്. നാഗാലാൻഡ്, മിസോറം, മണിപ്പൂർ, മേഘാലയ തുടങ്ങിയ ക്രൈസ്തവ ഭൂരിപക്ഷമേഖലകളെല്ലാം ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലും മാറ്റം ഉണ്ടാകും. ഇവിടത്തെ ആത്മീയ മനസ്സുകളും വിശ്വാസമനസ്സുകളും ഒന്നിച്ചുചേരും’- മലയാറ്റൂരിൽ വെച്ച് എ.എൻ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വാക്കുകളിൽ തന്നെ മല കയറാനെത്തിയതിന്റെ രഹസ്യം വ്യക്തമാകു​ന്നുണ്ടെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. അതേസമയം രണ്ടു ദിവസം പനിയുണ്ടയിരുന്നുവെന്നും അതിന്റെ ക്ഷീണമുള്ളതിനാലാണ് കുരിശുമുടിയിലേക്കുള്ള കയറ്റം ഒഴിവാക്കിയതെന്നുമായിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം. 

Tags:    
News Summary - A. N. Radhakrishnan Climbing the Malayattoor hill again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.