കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ വേറുറപ്പിക്കാൻ ക്രൈസ്തവ സമുദായ പിന്തുണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനകം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് കേക്കുമായി ക്രിസ്ത്യൻ കുടുംബങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാലിത് നടന്നില്ല. ഇതിെൻറ തുടർച്ചയായി വരുന്ന വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്‌കരിക്കാനുള്ള നീക്കം നടക്കുന്നത്.
പാർട്ടിക്ക് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി.) എന്ന് പേരിട്ടിരിക്കുകയാണെന്ന് അറിയുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വമാണ് പേര് നിർദേശിച്ചതെന്നാണ് വിവരം. ചില കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് കാലമായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത്. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ്. പോലൊരു പാർട്ടിയാണ് ലക്ഷ്യം. നേരത്തെ ബി.ഡി.ജെ.എസ് രൂപക്ഷവൽകരിച്ച് ഈഴവ സമുദായത്തെ ഒപ്പം നിർത്താമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടിയിരുന്നത്.
പുതിയ പാർട്ടി രൂപവൽകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കാൻ മധ്യതിരുവിതാംകൂറിലെ ഒരു മുൻ മെത്രാൻ പ്രധാന പങ്കുവഹിച്ചതായാണറിയുന്നത്. ഡൽഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ പലതവണ കഴിഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ കേരളത്തിലെ മുതിർന്ന ബി.ജെ.പി. നേതാക്കളും സംബന്ധിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പുതിയ പാർട്ടിയുടെ നേതാക്കൾക്ക് നൽകുന്നതു സംബന്ധിച്ചും ധാരണയായി. എന്നാൽ, ഇത്തരം നീക്കത്തിൽ ബി.ജെ.പിയിലെ ഒരു വിഭാഗം വലിയ അമർഷത്തിലാണ്. ബി.ഡി.ജെ.എസിന്റെ അവസ്ഥയായിരിക്കും പുതിയ പാർട്ടിക്കെന്ന് വിധിയെഴുതുന്നവർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.