കൊട്ടിയം: വീടിന് മുന്നിൽ നിന്ന ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചെടുത്ത് വലിച്ചിഴച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശ്ശി നായ്ക്കളുടെ ഇടയിൽനിന്ന് കുട്ടിയെ സാഹസികമായി രക്ഷിച്ചു. മയ്യനാട് പുല്ലിച്ചിറ കക്കാക്കടവിൽ രാജേഷ്-ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ നായ്ക്കൾ ആക്രമിച്ചത്.
ചുറ്റുമതിലില്ലാത്ത വീടിന്റെ സിറ്റൗട്ടിൽ നിന്ന് കുട്ടി പുറത്തേക്കിറങ്ങവെ കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ വലിച്ചിഴക്കുകയായിരുന്നു. മുത്തശ്ശി ഉഷ തടിക്കഷണംകൊണ്ട് അടിച്ച് നായ്ക്കളെ തുരത്തിയശേഷം കുട്ടിയെ രക്ഷിച്ചു. കുട്ടിയുടെ തലക്കും മുഖത്തും വയറ്റിലും കടിയേറ്റു. നാട്ടുകാർ കുട്ടിയെ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസമയം മാതാവ് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. കക്കാക്കടവ് പ്രദേശത്ത് തെരുവുനായ് ശല്യം വർധിച്ചതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മേഖലയിൽ സ്ഥിരമായി കോഴി അവശിഷ്ടം തള്ളാറുണ്ടെന്നും അത് ഭക്ഷിക്കാനാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.