മലപ്പുറം: അരിക്കോട് എം.എസ്.പി ക്യാമ്പിൽ നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇയാൾ ഭാര്യയോടൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
കോഴിക്കോട് വടകര സ്വദേശി ഹവിൽദാർ പി.കെ. മുബഷിറിനെയാണ് (30) വെള്ളിയാഴ്ച രാവിലെ ആറുമുതൽ കാണാതായത്. പാലക്കാട് എം.എസ്.പി ബറ്റാലിയൻ അംഗമായ ഇദ്ദേഹം നാലര വർഷമായി ഡെപ്യൂട്ടേഷന്റെ ഭാഗമായി അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ജോലി ചെയ്തുവരുകയാണ്.
ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ കടുത്ത പീഡനമാണ് ഭർത്താവിനെ കാണാതാകാൻ ഇടയാക്കിയതെന്നും ഭർത്താവിനെ പല രീതിയിൽ പീഡിപ്പിച്ചിരുന്നുവെന്നും മുബഷിന്റെ ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഷാഹിന വടകര റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു.
ക്യാമ്പിൽ തനിക്ക് നേരിടേണ്ട വന്ന പീഡനം ഉയർന്ന ഉദ്യോഗസ്ഥന്റെ പേരുൾപ്പെടെ വെച്ച് മുബഷിർ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്യാമ്പിലെ രാത്രികാല കട്ടൻചായ വിതരണവുമായി ബന്ധപ്പെട്ട വിഷയമാണ് മുതിർന്ന ഉദ്യോഗസ്ഥന് തന്നോട് വിരോധത്തിന് കാരണമെന്ന് മുബഷിർ കത്തിൽ പറയുന്നു.
നാലര വർഷമായി സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിൽ ജോലി ചെയ്തുവരുന്ന താൻ ഇവിടെ തുടരാൻ അപേക്ഷ നൽകുകയും പരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എങ്കിലും ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽമൂലം തിരിച്ച് പാലക്കാട് എം.എസ്.പി ക്യാമ്പിലേക്ക് മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തന്റെ കൂടെ പരീക്ഷ എഴുതിയ മറ്റ് എല്ലാവർക്കും ഇവിടെ തുടരാൻ അനുമതി ലഭിച്ചു. തനിക്കുമാത്രം അനുമതി ലഭിച്ചില്ല. അതിനുകാരണം ഉദ്യോഗസ്ഥന്റെ പകയാണെന്നും കത്തിൽ പറയുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അവിടെയായിരുന്നു പ്രതീക്ഷ. എന്നാൽ, അവിടെനിന്ന് മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെ ഇനി ഈ ക്യാമ്പിൽ നിന്നാൽ ഞാൻ ഞാനല്ലാതായി മാറുമെന്നും കത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.