മലപ്പുറം: ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാർട്ടിക്കും വ്യക്തിപരമായി അദ്ദേഹത്തിനും തിരിച്ചടിയായെന്ന് വിലയിരുത്തൽ. സ്വന്തം തട്ടകമായ വേങ്ങരയിൽ ഭൂരിപക്ഷം കുറഞ്ഞതിന് പുറമെ ലോക്സഭ ഉപതെരഞ്ഞെടുപ്പിലും വോട്ടുകൾ ഗണ്യമായി കുറഞ്ഞു. ഭരണ തുടർച്ചയുണ്ടായതിനാൽ മന്ത്രിസ്ഥാനമെന്ന പ്രതീക്ഷയും പൊലിഞ്ഞു.
േവങ്ങരയിൽ 2016നെ അപേക്ഷിച്ച് 7,535 വോട്ടിെൻറ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. 2017ൽ ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് നിയമസഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചു. വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. കെ.എൻ.എ. ഖാദർ എം.എൽ.എയായി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ കേന്ദ്രമന്ത്രിയാവാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു ഈ തീരുമാനം. 2019ൽ െറക്കോഡ് ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ ലോക്സഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കാനെത്തിയതാണ് വിനയായത്. ഭരണമാറ്റമുണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനവും. ലോക്സഭയിലേക്ക് വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. യുവാക്കൾ അടങ്ങുന്ന നിഷ്പക്ഷ വോട്ടർമാർ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് വോട്ട് ചോർച്ച വ്യക്തമാക്കുന്നത്.
അബ്ദുസ്സമദ് സമദാനിയിലൂടെ ലോക്സഭ സീറ്റ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവുണ്ടായി. 2019ൽ 2,60,153 വോട്ടിനായിരുന്നു സി.പി.എമ്മിലെ വി.പി. സാനുവിനെതിരെ കുഞ്ഞാലിക്കുട്ടിയുടെ ജയം. എന്നാൽ, സമദാനി സാനുവിനെ തോൽപിച്ചത് 1,14,692 വോട്ടിെൻറ വ്യത്യാസത്തിലാണ്. 2019ലെ ഭൂരിപക്ഷത്തിെൻറ പകുതി പോലുമായില്ല. ആകെ പോൾ ചെയ്ത വോട്ടിെൻറ പകുതിയെങ്കിലും നേടാൻ ലീഗിന് കഴിയാതെ പോവുന്നത് 2009ൽ മലപ്പുറം മണ്ഡലം നിലവിൽ വന്ന ശേഷം ഇതാദ്യമാണ്. ഫലം വന്നതിന് പിറകെ സമൂഹ മാധ്യമങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ഉയർന്നു. സമദാനി മത്സരിച്ചതുകൊണ്ടാണ് പാർട്ടിക്ക് ഇത്രയെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ.
ബി.ജെ.പി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ പിറകോട്ട് പോയപ്പോൾ എസ്.ഡി.പി.ഐ വോട്ടിൽ രണ്ടര ഇരട്ടിയോളം വർധനയുണ്ടായി. നിയമസഭയിലേക്ക് മത്സരിച്ച ലീഗ് സിറ്റിങ് എം.എൽ.എമാരിൽ ഏഴ് പേർക്ക് മാത്രമാണ് ഭൂരിപക്ഷം വർധിപ്പിക്കാനായത്. ജില്ലക്ക് പുറത്തും ലീഗിെൻറ പ്രകടനം നിറം മങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.