കോന്നി: ആശുപത്രിയിലേക്ക് വരുംവഴി ആവണിപ്പാറ ആദിവാസി കോളനിയിലെ യുവതി ജീപ്പിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഞായറാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. ആവണിപ്പാറ ആദിവാസി കോളനിയിൽ താമസിക്കുന്ന സജിതയാണ് (20) പ്രസവിച്ചത്. തിങ്കളാഴ്ച സജിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ ഞായറാഴ്ച വേദനയെത്തുടർന്ന് ബന്ധുക്കൾ ആവണിപ്പാറ ആദിവാസി കോളനിയിലെ ട്രൈബൽ പ്രമോട്ടർ ഹരിതയെ വിവരം അറിയിച്ചു. ഇവർ എത്തി യുവതിയെ ജീപ്പിൽ കല്ലേലി - ആവണിപ്പാറ റോഡിലെ ദുർഘട വനപാതയിലൂടെ കോന്നിയിലേക്ക് പുറപ്പെട്ടു.
എന്നാൽ, മണ്ണാറപ്പാറ വനഭാഗത്ത് എത്തിയപ്പോൾ യുവതി പ്രസവിക്കുകയായിരുന്നു. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജിത, എം.ബി.ബി.എസ് വിദ്യാർഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. അമ്മയെയും കുഞ്ഞിനെയും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തുടർ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.