തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസിൽ സ്കൂൾ അധ്യാപകയെ അറസ്റ്റ് ചെയ്തു. സ്കൂൾ അധ്യാപികയായ പ്രിയ വിനോദിനെയാണ് അറസ്റ്റ് ചെയ്തതെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. കല്ലറ സ്വദേശിനിയാണ്. ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.
ക്രൈം നമ്പർ 2241/ 2021 - അണ്ടർ സെക്ഷൻ 120 / (ഓ) ഓഫ് കെ പി ആക്ട് പ്രകാരമാണ് അറസ്റ്റ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ്അറസ്റ്റ്.
മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം ഈ കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതി പ്രിയ വിനോദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരാതി നൽകി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന്‍റെ സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രമാണ് ഇവർ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതെന്നാണ് പരാതി. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പരാതി നൽകിയത്.
പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കി പ്രിയ വിനോദിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെയും സി.പി.ഐ.എം നേതാവ് എം. സ്വരാജിന്‍റെയും വ്യാജ ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.