കായംകുളം: ‘ആവേശം’ സിനിമ തലക്കുപിടിച്ച് രംഗണ്ണനായി പകർന്നാട്ടവുമായി ഗുണ്ടാ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. പൊലീസിനെ സഹായിച്ചതിന്‍റെ പേരിൽ യുവാവിനെ തട്ടികൊണ്ടുപോയി തീവണ്ടി പാളത്തിലിട്ട് വെട്ടി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. കാപ്പാ കേസ് പ്രതികളായ കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), സഹോദരൻ അഭിമന്യു (സാഗർ - 24), പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ അമൽ (ചിന്തു - 24) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദിനെയാണ് (26) തട്ടികൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്കനാട് കോളനിക്ക് സമീപത്തെ ഗ്രൗണ്ടിലും വടക്കുവശമുള്ള റെയിൽവേ ട്രാക്കിന് സമീപവും കഴിഞ്ഞ 16ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ഗുണ്ടാസംഘം അഴിഞ്ഞാടിയത്. നേരത്തെ സംഘർഷ സ്ഥലത്ത് നഷ്ടമായ പ്രതികളിലൊരാളുടെ മൊബൈൽ പൊലീസിന് കിട്ടിയതാണ് പ്രകോപന കാരണം. ഇത് അരുണാണ് കൈമാറിയതെന്ന സംശയമാണ് ഇയാളെ അക്രമിക്കാൻ കാരണമായത്.
അരുണിനെ വടിവാൾ മുനയിൽ നിർത്തി ഏറെനേരം ചോദ്യം ചെയ്യുകയും മാരകമായി മർദ്ദിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ‘ആവേശ’ത്തിലെ രംഗണ്ണനാകാൻ ശ്രമിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലാണ് അരങ്ങേറിയതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ആക്രമിക്കുമ്പോൾ ഫേസ്ബുക്ക് ലൈവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരങ്ങൾ പൊലീസിനെ അറിയിച്ചാൽ ജാമ്യത്തിലിറങ്ങി വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന ഭീഷണിയോടെയാണ് വിട്ടയച്ചത്. അരുണിന്‍റെ ആപ്പിൾ ഫോണും ടൈറ്റാൻ വാച്ചും സംഘം കവർന്നു. 17 ഓളം കേസുകളിൽ പ്രതിയായ അനൂപും സഹോദരൻ അഭിമന്യുവും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നവരാണ്. അമലിനെ ജില്ലയിൽനിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയതാണ്. ഗുണ്ടകൾക്കായി സംസ്ഥാനത്തുടനീളം നടപടികൾ ശക്തമാക്കിയ സമയത്താണ് കായംകുളവും ഓച്ചിറയും കേന്ദ്രീകരിച്ച് സംഘം അഴിഞ്ഞാടിയതെന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.