തിരുവനന്തപുരം: ആളും അർഥവും ഒഴുക്കി ജനനായകനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയിട്ടും തോറ്റുവെന്നതിനെക്കാൾ നാണക്കേടുണ്ടാക്കുന്ന തോൽവി എന്നതാണ് സി.പി.എമ്മിന് അവിശ്വസനീയം. 2021ലെ തെരഞ്ഞെടുപ്പിനെക്കാൾ 2244 വോട്ട് മാത്രമാണ് സി.പി.എം സ്ഥാനാർഥിക്ക് കൂടുതൽ ലഭിച്ചത്.
പോളിങ് കുറഞ്ഞതിന്റെ ഗുണവും ഭരണപക്ഷത്തിനല്ല ലഭിച്ചത്. എറണാകുളം ജില്ലയിൽ വിഭാഗീയത പൂർണമായും തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട സി.പി.എമ്മിന് തൃക്കാക്കരയിലെ തോൽവി സംഘടനാപരമായി വലിയ വെല്ലുവിളിയാണ്. യു.ഡി.എഫിന്റെ വൻവിജയത്തിൽ അവിശ്വസനീയതയാണ് നേതാക്കൾ മുഴുവൻ സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ഉണ്ടായിരുന്നതിനാൽ എല്ലാ അംഗങ്ങളും തലസ്ഥാനത്ത് എത്തിയിരുന്നു. ജോ ജോസഫ് 4000-5000 വോട്ടിന് ജയിക്കുമെന്നായിരുന്നു ജില്ല നേതൃത്വത്തിന്റെ കണക്ക്. വോട്ടെടുപ്പ് കഴിഞ്ഞ് കീഴ്ഘടകങ്ങൾ നൽകിയ റിപ്പോർട്ട് പ്രകാരമായിരുന്നു ഈ അവകാശവാദം. ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് പി. രാജീവിനും മണ്ഡല ചുമതലയുണ്ടായിരുന്ന എം. സ്വരാജിനും രാഷ്ട്രീയ തിരിച്ചടി കൂടിയാണിത്. നേതൃത്വത്തിലേക്ക് യുവമുഖങ്ങളെ കൊണ്ടുവന്ന സി.പി.എം അവരുടെ നേതൃ മികവിന്റെ ഉരകല്ല് കൂടിയായാണ് തെരഞ്ഞെടുപ്പിനെ വീക്ഷിച്ചത്.
സെക്രട്ടേറിയറ്റ് യോഗം വിശദ വിലയിരുത്തലുകളിലേക്ക് കടന്നില്ല. ജില്ല കമ്മിറ്റിയുടെ പൂർണ വിലയിരുത്തലിന് ശേഷമാവും നേതൃത്വത്തിന്റെ ഇടപെടൽ. കഴിഞ്ഞതവണ പി.ടി. തോമസിന് എതിരായിരുന്ന ഘടകങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറി. ബി.ജെ.പി, ട്വന്റി ട്വന്റി വോട്ടുകളിൽ കുറെ ഭാഗം ലഭിച്ചു. അപ്പോഴും വ്യവസായ തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ലയിൽ സി.പി.എമ്മിന് മുന്നേറാൻ കഴിയുന്നില്ലെന്ന ദൗർബല്യം പരിഹരിക്കുകയാവും മുഖ്യ വെല്ലുവിളി.
കടുത്ത അച്ചടക്ക നടപടിയാണ് തൃക്കാക്കരയിലെ 2021 ലെ തോൽവിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം എടുത്തത്. വിഭാഗീയതയുടെ ശേഷിപ്പ് പോലും തുടച്ച് നീക്കി. പാർലമെന്ററി വ്യാമോഹമുള്ളവരെ സസ്പെൻഡ് ചെയ്തു.പക്ഷേ, അതെല്ലാം കഴിഞ്ഞിട്ടും വോട്ട് പോലും ചോർന്നു. കടുത്ത നിരീക്ഷണത്തിനിടയിലും അതുണ്ടായത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. കണ്ണുരുട്ടൽ കൊണ്ടും ഫലമില്ലെങ്കിൽ ഇനിയെന്ത് എന്നതാണ് അവരെ തുറിച്ചുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.