തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായ ഉമ്മയെ കാണാനായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലെത്തി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 8.55ന് ഇൻഡിഗോ വിമാനത്തിൽ യാത്ര തിരിച്ച മഅ്ദനി, 10 മണിയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങി. തുടർന്ന് റോഡ് മാർഗം ഉമ്മ ചികിത്സയിൽ കഴിയുന്ന ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയിലേക്ക് പോയി.
എൻ.െഎ.എ വിചാരണ കോടതി നൽകിയ കർശന വ്യവസ്ഥകളിൽ പ്രതിഷേധിച്ച് വായ്മൂടിക്കെട്ടിയാണ് പി.ഡി.പി പ്രവർത്തകരും നേതാക്കളും മഅ്ദനിയെ സ്വീകരിക്കാനെത്തിയത്. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു.
ഉമ്മയെ കാണാനുള്ള യാത്രക്ക് എൻ.എെ.എ വിചാരണ കോടതി നൽകിയ കർശന വ്യവസ്ഥകൾ നീക്കണമെന്നാവശ്യപ്പെട്ട് കർണാടക ൈഹകോടതിയെ സമീപിക്കാൻ മഅ്ദനി തീരുമാനിച്ചെങ്കിലും ഉമ്മ അസ്മ ബീവിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ തീരുമാനം മാറ്റുകയായിരുന്നു. അർബുദ രോഗബാധിതയായ അസ്മ ബീവി വെന്റിലേറ്ററിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയിൽ കഴിയുകയാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മഅ്ദനിയുെട സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ നിയമിച്ച 12 പൊലീസുകാരും കേരളത്തിലെത്തിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര. ബംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകൾ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാർ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവർക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് നിബന്ധന.
ഉമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ഹരജിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക എൻ.െഎ.എ കോടതി നൽകിയ യാത്രാനുമതിയിൽ ‘പാർട്ടി നേതാക്കളുമായോ പ്രവർത്തകരുമായോ കൂടിക്കാഴ്ച പാടില്ല’ എന്ന നിബന്ധന നൽകിയിരുന്നു. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹരജി നൽകാൻ തീരുമാനിച്ചത്.
എന്നാൽ, എൻ.െഎ.എ വിചാരണ കോടതിയുടെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ തന്നെ സമീപിക്കാനും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുമാണ് സുപ്രീംകോടതി അഭിഭാഷകർ നൽകിയ ഉപദേശം. യാത്രാ അനുമതിയിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബംഗളൂരുവിലെ വിചാരണ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.