ഫറോക്ക്: അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ പാരിതോഷികമായി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി നൽകാൻ കുറച്ചു ദിവസത്തെ സാവകാശം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണാധികാരികളെ സമീപിക്കാൻ നീക്കം തുടങ്ങി.
ഇതിനായി മൂന്നു രീതിയിൽ സമ്മർദം ചെലുത്തുവാനാണ് അബ്ദുൽ റഹീമിനു വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമുള്ള സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫിസു വഴിയും വിദേശകാര്യ മന്ത്രി ജയ്ശങ്കർ മുഖേനയും സൗദിയുമായി ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ട പ്രകാരം സുരേഷ് ഗോപി ജയ്ശങ്കറുമായി ഇതു സംബന്ധിച്ച ചർച്ച നടത്തും. ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിഹാരം തേടാനാണ് ആലോചിക്കുന്നത്. കൂടാതെ, റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ സംയുക്തമായി പണം നൽകാനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകും. സംസ്ഥാനത്ത് ഇതുവരെ എട്ടു കോടിയാണ് പിരിച്ചെടുത്തത്. വിദേശത്തുനിന്ന് പിരിച്ചെടുത്തതിന്റെ കണക്ക് ലഭിച്ചിട്ടില്ല. 34 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കുടുംബത്തിന് തൽക്കാലം ബാങ്ക് അക്കൗണ്ട് വഴി 10 കോടി നൽകി ബാക്കി 24 കോടി നൽകാൻ സമയം നീട്ടിത്തരണമെന്നാണ് ചർച്ചയിൽ ആവശ്യപ്പെടുക.
മനഃപൂർവമല്ലാതെ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റഹീം ജയിലിലാണ്. പണം നൽകാനുള്ള അവസാന ദിവസം 16നാണ്.
ഇതുകൊണ്ടുതന്നെ നാലു ദിവസത്തിനകം ഇടപെടൽ നടത്താനാണ് നീക്കം നടക്കുന്നതെന്ന് റഹീം നിയമ സഹായ സമിതി കൺവീനർ മജീദ് അമ്പലക്കണ്ടി അറിയിച്ചു. ചൊവ്വാഴ്ച റഹീമിന്റെ വീട്ടിലെത്തിയ സ്ഥാനാർഥി എം.ടി. രമേശ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സംഭവത്തിൽ ഗൗരവമായി ഇടപെട്ട് മകന്റെ മോചനത്തിനുള്ള സാധ്യമായതെല്ലാം ചെയ്യുമെന്ന് റഹീമിന്റെ ഉമ്മക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.