കുന്ദമംഗലം (കോഴിക്കോട്): മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് തട്ടിപ്പ് നടത്തിയതായി പരാതി. അഭിമന്യു, ഡൽഹി കലാപ ഫണ്ടുകളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ഒ.എം. നൗഷാദ് ആണ് ഇരുവർക്കുമെതിരെ പരാതി നല്‍കിയത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിേറാസിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപിച്ച് കേസെടുത്ത കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് നൗഷാദും പരാതി നൽകിയത്.
കൊല്ലപ്പെട്ട മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്‍റെ കുടുംബ സഹായ ഫണ്ടും ഡൽഹി കലാപ ബാധിതര്‍ക്ക് വേണ്ടി പിരിച്ച പണവും സുതാര്യമായ രീതിയിലല്ല വനിയോഗിച്ചതെന്ന് പരാതിയിൽ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഉദ്ധ്യേശത്തോടെ അഴിമതി നടത്തിയ ഇരുവർക്കുമെതിരെ ഐ.പി.സി 420 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയശേഷം തുടർനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് കുന്ദമംഗലം പൊലീസ് 'മാധ്യമ'ത്തോട് പറഞ്ഞു.
അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ല കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ലാ കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2,39,74,881 രൂപയും എസ്.എഫ്.ഐ മുഖേന 33 ലക്ഷം രൂപയും സമാഹരിച്ചതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാല്‍, കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വെക്കാനും കുടുംബത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി ചെലവാക്കിയത്. ബാക്കി 2.70 കോടിയോളം രൂപ വക മാറ്റി ചിലവഴിച്ചതായാണ് ആരോപണം.
ഡൽഹി കലാപ ഇരകളെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപ്പിരിവിലൂടെ 5,30,74,779 രൂപ സി.പി.എം സമാഹരിച്ചിട്ടുണ്ടെന്നും ഈ ഫണ്ടും സുതാര്യമായ രീതിയില്‍ അല്ല വിനിയോഗിക്കപ്പെട്ടതെന്നും പരാതിയില്‍ ആരോപിച്ചു. യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രവര്‍ത്തക സമിതി അംഗം എം. ബാബുമോന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ജാഫര്‍ സാദിഖ്, ട്രഷറര്‍ സി.കെ. കുഞ്ഞിമരക്കാര്‍, സെക്രട്ടറി ടി.പി.എം സാദിഖ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ. ഷമീല്‍ എന്നിവർ പരാതിനൽകാനെത്തി.
കഠ്വ, ഉന്നാവോ ഫണ്ട് വെട്ടിച്ചെന്ന പരാതിയിലാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. യൂത്ത് ലീഗ് മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും നിലവിൽ സി.പി.എം സഹയാത്രികനുമായ യൂസഫ് പടനിലമാണ് പരാതിക്കാരൻ.
കഠ്വയിലും ഉന്നാവോയിലും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടിയോളം വരുന്ന ഫണ്ടില്‍ 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ച് വഞ്ചിച്ചുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.