കൊച്ചി: മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ട് 10 ദിവസം പിന്നിടുമ്പോഴും പ്രധാന പ്രതികളിലേക്ക് എത്താൻ കഴിയാതെ പൊലീസ്. ഏഴുപേർ അറസ്റ്റിലായെങ്കിലും ആക്രമിസംഘത്തിലെ ആരും അതിൽ ഉൾപ്പെട്ടിട്ടില്ല. ആക്രമിസംഘത്തെയും അവരെ വിളിച്ചുവരുത്തിയവരെയും കുറിച്ചും നിർണായക വിവരങ്ങൾ ലഭ്യമായെന്നും ഇവർ ഒളിവിലാണെന്നുമാണ് പൊലീസിെൻറ അവകാശവാദം. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടുമ്പോഴും അതിനെ തടയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കോട്ടയം കങ്ങഴ സ്വദേശി ബിലാൽ സജി (19), പത്തനംതിട്ട കോട്ടാങ്കൽ സ്വദേശി ഫാറൂഖ് അമാനി (19), പള്ളുരുത്തി സ്വേദശി റിയാസ് ഹുസൈൻ (37), നെട്ടൂർ സ്വദേശി സൈഫുദ്ദീൻ (27), മട്ടാഞ്ചേരി സ്വദേശികളായ അനസ് (31), നവാസ് (39), പനയപ്പിള്ളി സ്വദേശി ജിഫ്രിൻ (27) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ആക്രമികളെ സഹായിച്ചെന്ന് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്. ഇവരുടെ മൊബൈൽ ഫോണിെൻറ ടവർ ലൊക്കേഷൻ, കാളുകൾ എന്നിവ സൈബർ സെല്ലിെൻറ സഹായത്തോടെ പരിശോധിച്ചിരുന്നു.
എന്നാൽ, ആക്രമികളിൽ ആരെയെങ്കിലും പിടിക്കാനോ അവരിലേക്കെത്തുന്ന തെളിവുകൾ കണ്ടെടുക്കാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.െഎ പ്രവർത്തകർ ഉൾപ്പെടുന്ന 15 അംഗസംഘം ആക്രമണം നടത്തിയെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. കോളജ് വിദ്യാർഥിയായ മുഹമ്മദിനെയാണ് മുഖ്യപ്രതിയായി സംശയിക്കുന്നത്. മുഹമ്മദും മറ്റുപ്രതികളും ഒളിവിലാണെന്നാണ് മറുപടി. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം നടക്കുന്നുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസിറക്കി, ഇൻറർപോളിെൻറ സഹായം തേടുമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യങ്ങളിൽ വേഗം പോരെന്നാണ് ആക്ഷേപം. സംഭവം കഴിഞ്ഞയുടൻ പ്രതികൾ നഗരം വിടാൻ ഇടയാക്കിയത് പൊലീസിെൻറ പിടിപ്പുകേടായിരുന്നു. അതേനയം തുടരുന്നതാണ് പ്രതികൾക്ക് രാജ്യംവിടാൻ സഹായിക്കുന്നതെന്നുമാണ് ആക്ഷേപം. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
അതേ സമയം, അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തയാളെയാണ് അന്വേഷണ സംഘം പിടികൂടിയത്. പോപുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. അഞ്ചുപേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവത്തിൽ ഗൂഢാലോചന നടത്തിയവരിലേക്കും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
യു.എ.പി.എ തൽക്കാലം ഇല്ല
തിരുവനന്തപുരം: പോപുലർഫ്രണ്ട്, എസ്.ഡി.പി.െഎ എന്നീ സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കാനും എന്നാൽ മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ ചുമത്തേണ്ടതില്ലെന്നും പൊലീസ്. പോപുലർഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രത്തിൽ നിന്നുൾപ്പെടെയുണ്ടെങ്കിലും അത്തരം ശിപാർശ നൽകേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
അഭിമന്യു വധത്തിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ചുമത്താൻ തെളിവില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. കൂടാതെ, മുമ്പുണ്ടായ വിവാദവും കണക്കിലെടുത്താണ് പൊലീസ് നീക്കം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷെൻറ ഓഫിസാണ് പൊലീസിന് നിയമോപദേശം നല്‍കിയത്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരം ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടില്ല. എന്നാല്‍, എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ എതിര്‍ക്കില്ല. കേസിൽ മറ്റു പല ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയും ഗൗരവത്തോടെയാണ് അഭിമന്യുവധത്തെ കാണുന്നത്. പോപുലർഫ്രണ്ട്, എസ്.ഡി.പി.െഎ പ്രവർത്തകർ പ്രതികളായ കേസുകളുടെ സ്വഭാവവും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.