കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. പരിശോധനക്കിടെ എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്തു. കൃത്യം നിർവഹിക്കാൻ ലക്ഷ്യമിട്ട് പ്രതികൾ ദിവസങ്ങൾക്ക് മുമ്പുതന്നെ നഗരത്തിൽ എത്തിയിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
കാമ്പസിൽ ചുവരെഴുതുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച രാത്രി 12.30ഒാടെയാണ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ രണ്ട് വിദ്യാർഥികളടക്കം മൂന്നുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയും വിദ്യാർഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു. പരിശോധനക്കിടെ എറണാകുളം സിറ്റി പരിധിയിൽ നിന്നാണ് 11 പേരെ കസ്റ്റഡിയിലെടുത്തത്.
വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് അഭിമന്യുവിേൻറെതന്ന് പൊലീസ് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ ദിവസങ്ങളോളം എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷന് സമീപത്തെ വാടകക്കെട്ടിടത്തിൽ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് സൂചന ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴി അറസ്റ്റിലായ ഫാറൂഖിൽനിന്ന് ലഭിച്ചതായും അറിയുന്നു.
പ്രതികളെ
14 ദിവസം
കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിെല പ്രതികളെ 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. കൂടുതൽ അന്വേഷണത്തിനും ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറയും. റിമാൻഡിലുള്ള പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 11ഒാടെയാണ് മൂവരെയും മജിസ്ട്രേറ്റിെൻറ കലൂരിലെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എന്നാൽ, എഫ്.െഎ.ആർ, റിമാൻഡ് റിപ്പോർട്ട്, കസ്റ്റഡി അപേക്ഷ തുടങ്ങിയ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായില്ല.
രേഖകൾ പുറത്തുവിടരുതെന്ന് മജിസ്ട്രേറ്റ് കർശന നിർദേശം നൽകിയതായാണ് കോടതി അധികൃതർ പറയുന്നത്. മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ (20) ഞായറാഴ്ച രാത്രി 12.30 ഒാടെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. കോളജ് മതിലിൽ ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ, എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തിലുള്ളവരെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. അതിനിടെ, എൻ.െഎ.എ കേസുകളിലുൾപ്പെട്ട പ്രതികൾക്കാർക്കെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന് എൻ.െഎ.എ അനൗദ്യോഗിക അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കേസുകളിലുൾപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയവർ കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് എൻ.െഎ.എ പ്രധാനമായും പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.