കൊച്ചി: വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനമില്ലാതെ എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രത്തിനുളള അവകാശം ഉണ്ടെന്ന സുപ്രീം കോടതിവിധിക്കെതിരെ കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെ.സി.ബി.സി).
അവിവാഹിതകളായ യുവതികളടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താൻ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയിൽ കെ.സി.ബി.സി പ്രോ ലൈഫ് സംസ്ഥാന സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി. അടുത്തയിടെയായി പല വിധിപ്രസ്താവങ്ങളും മനുഷ്യത്വത്തിനും മതേതരത്വത്തിനും മനുഷ്യജീവനും വിലകൽപ്പിക്കാത്തതാണെന്നും സമിതി അഭിപ്രായപ്പെട്ടു.
ഗർഭാവസ്ഥയിൽ തന്നെ മനുഷ്യജീവനായി പരിഗണിക്കേണ്ടതാണെന്ന ജൈവശാസ്ത്രപരമായ നിലപാടിനും, കുഞ്ഞിന്റെ ജനിക്കാനും ജീവിക്കുവാനുമുള്ള അവകാശത്തിനും എതിരെയുള്ളതാണ് സുപ്രീംകോടതി വിധിയെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യജീവനു വിലകൽപ്പിക്കാത്ത ഇത്തരം വിധി പ്രസ്താവങ്ങൾ തിരുത്തപ്പെടണം. എം.ടി.പി ആക്റ്റ് എന്ന കിരാത നിയമം പിൻവലിക്കണമെന്നും കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേ പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും ഭർത്താവായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധം നടത്തിയാൽ അത് ബലാത്സംഗം ആയി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെതാണ് സുപ്രധാന ഉത്തരവ്. സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.