യുവാവിനെ ഹോട്ടല്‍ മുറിയില്‍ മര്‍ദിച്ചവര്‍ സഹകരണമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് പൊലീസ്

തിരുവനന്തപുരം: യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി മര്‍ദിച്ച മൂന്നംഗസംഘം സഹകരണമന്ത്രി എ.സി. മൊയ്തീനെയും ഓഫിസ് സ്റ്റാഫിനെയും അപകീര്‍ത്തിപ്പെടുത്താനും പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ചില വിഡിയോ ക്ളിപ്പുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും കന്‍േറാണ്‍മെന്‍റ് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിറയിന്‍കീഴ് സ്വദേശി രാജേഷിനെ കണ്‍സ്യൂമര്‍ഫെഡില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരായ കവടിയാര്‍ സ്വദേശി സ്വീഷ് സുകുമാരന്‍, തിരുമല സ്വദേശി ഹരിപ്രസാദ്, ഇവരുടെ സുഹൃത്ത് അഭിനേഷ് എന്നിവര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇവര്‍ക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയോട് രാജേഷ് ഫോണില്‍ മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ശനിയാഴ്ച രാജേഷ് പൊലീസില്‍ പരാതി നല്‍കുമ്പോഴാണ് വിവരം പുറത്തറിയുന്നത്. 

രാജേഷിന്‍െറ മൊഴിയില്‍നിന്നാണ് സംഘം സഹകരണമന്ത്രിയുടെ ഓഫിസിലെ ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ പദ്ധതിയിട്ട വിവരം പൊലീസ് അറിയുന്നത്. സഹകരണ മന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്‍െറ സ്റ്റാഫില്‍ ചിലരെക്കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തി ഫോണില്‍ സംസാരിക്കാന്‍ സംഘം പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി മന്ത്രിയുടെ ഓഫിസിനെതിരെ പ്രയോഗിക്കാനായിരുന്നു ഇവരുടെ നീക്കം.  
രാജേഷിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് പരിശോധന നടത്താനാണ് പൊലീസ് നീക്കം. കോടതിയുടെ കസ്റ്റഡിയിലുള്ള ഫോണ്‍ വിട്ടുകിട്ടാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അന്വേഷണസംഘം പറയുന്നു. കണ്‍സ്യൂമര്‍ഫെഡില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിലുള്ള വിരോധംമൂലം പ്രതികള്‍ മന്ത്രിയുടെ ഓഫിസ് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. 
അതേസമയം, രാജേഷിന്‍െറ മൊഴിയുടെ ആധികാരികത സംബന്ധിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരനായ സ്വീഷ് നിരവധി അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 
ഇയാള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തന്നെയും ഓഫിസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 
 

Tags:    
News Summary - ac moideen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.