കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി തമ്മനത്ത് കാനൻ ഇൻറർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കണ്ണൻ തങ്കപ്പനെ (ജയ്സൺ -40) ആണ് പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നോർത്ത് പറവൂർ സ്വദേശിനിയുടെ പരാതിയിലും കോഴിക്കോട് സ്വദേശിയുടെ പരാതിയിലും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്.
ഭാര്യയുമായി ചേർന്ന് 2018 ലാണ് സ്ഥാപനം ആരംഭിച്ചത്. വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മാസങ്ങൾക്കു മുമ്പ് പാലാരിവട്ടം പൊലീസ് സമാനമായ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ ദൽഹിയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
അതിനുശേഷം മുങ്ങിയ പ്രതി ഡൽഹിയിലും പിന്നീട് വ്യാജ വിലാസത്തിൽ എടുത്ത മറ്റൊരു പാസ്പോർട്ടുമായി വിദേശത്തും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെത്തിയെന്ന് അറിഞ്ഞ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പിടിയിലായത്. ലോക മനുഷ്യാവകാശ കമീഷൻ അംഗമെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് തൊടുപുഴയിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.
ഇടുക്കി, പത്തനംതിട്ട എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.