കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ അറസ്റ്റ് ആണ് കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്.
ഇന്നലെ മലപ്പുറം പൊന്നാനിയിൽ നിന്നാണ് ജുനൈസിനെ കസ്റ്റഡിയിലെടുത്തത്. മുതിർന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നതെന്ന് ജുനൈസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുറേ മാസങ്ങളായി ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. നല്ല ഇറച്ചിയാണ് വിതരണത്തിന് കൊണ്ടു വന്നതെന്നും പ്രതി പറഞ്ഞതായാണ് വിവരം.
ജനുവരി 12നാണ് കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി പിടികൂടിയ ദിവസവും കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ വിതരണം നടന്നിരുന്നു. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.