പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി കൊന്നത്തടി പണിക്കൻ കുടി ഷോജോ ജോണ്‍ (55) ആണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസില്‍ തൂങ്ങിമരിച്ചത്. പാലക്കാട് കാടാംകോട്ടെ വാടകവീട്ടില്‍ ഭാര്യക്കും മൂന്ന് പെൺമക്കൾക്കും ഒപ്പം താമസിച്ചിരുന്ന ഷോജോയെ ചൊവ്വാഴ്ച ഹാഷിഷ് കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഷോജോ താമസിക്കുന്ന കാടാംകോട് ദ്വാരകപുരി കോളനിയിലെ വാടകവീട്ടിൽ പരിശോധന നടത്തിയത്.
ബാഗിൽ സൂക്ഷിച്ച നിലയിൽ 2.055 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഷോജോയെ ആദ്യം എക്സൈസ് ഓഫിസിലേക്കും തുടർന്ന് പുലർച്ചെ മൂന്നോടെ റേഞ്ച് ഓഫിസിലേക്കും കൊണ്ടുപോയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 6.15ഓടെ ഇയാളെ ലോക്കപ്പിന്റെ ഇരുമ്പ് വാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും അവർ അറിയിച്ചു.
എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് ഉദ്യോഗസ്ഥർ ലഹരി അന്വേഷിച്ചെത്തിയതെന്ന് ഭാര്യ ജ്യോതി പറഞ്ഞു. തുടർന്ന് ബാഗ് കണ്ടെത്തിയതായി അറിയിക്കുകയും വൈകീട്ട് ഏഴോടെ ഷോജോയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഷോജോ വീട്ടിൽ നിന്ന് തന്നെ കുറ്റം സമ്മതിച്ചിരുന്നു. മർദിക്കുകയോ മറ്റോ ചെയ്തോയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഷോജോ കൈയബദ്ധം കാണിച്ചെന്ന് രാവിലെ ഏഴോടെയാണ് ഉദ്യോഗസ്ഥർ വിളിച്ച് പറഞ്ഞത്. ഷോജോ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോ മനഃപൂര്‍വം കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും ഇതുവരെ ഇത്തരം കേസിലുള്പ്പെട്ടിട്ടില്ലെന്നും ജ്യോതി ‘മാധ്യമ’ത്തോട് പറഞ്ഞു. ഷോജോയുടെ ഇളയകുഞ്ഞിന് ആറുമാസം മാത്രമാണ് പ്രായം. പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തുടർനടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
മർദിച്ചിട്ടില്ല- എക്സൈസ്
പാലക്കാട്: പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോയെന്നും പരിശോധിക്കുമെന്ന് എക്സൈസ് കമീഷണർ പറഞ്ഞു. മർദനമുണ്ടായിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ ഷോജോയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ആദ്യം പാലക്കാട് സർക്കിൾ ഓഫിസിലും പുലർച്ചെ മൂന്നോടെ കേസ് രജിസ്റ്റർ ചെയ്യാൻ ലോക്കപ്പ് സൗകര്യമുള്ള എക്സൈസ് റേഞ്ച് ഓഫിസിലേക്കും എത്തിച്ചു. 6.15ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ ഇയാളെ ജില്ല ആശുപത്രിയിൽ എത്തിച്ചു. പിടികൂടിയ ഉടൻ ഷോജോ കുറ്റം സമ്മതിച്ചിരുന്നതായി അധികൃതർ അവകാശപ്പെട്ടു.
രണ്ട് പേർക്ക് സസ്പെൻഷൻ
പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫിസിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഇത് പരിശോധിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.