കൊച്ചി: ക്രിമിനൽ നടപടിക്രമം 164 വകുപ്പ് പ്രകാരം പരാതിക്കാർ മജിസ്ട്രേറ്റിന് നൽകുന്ന രഹസ്യമൊഴിയുടെ പകർപ്പ് വിചാരണക്കുമുമ്പ് പ്രതികൾക്ക് കൈമാറണമെന്ന് ഹൈകോടതി. 164 മൊഴിയുടെ വായിക്കാനുതകുന്ന പകർപ്പിന് പ്രതികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും വിസ്താരത്തിനിടെ പരാതിക്കാരുടെ വാദങ്ങൾ ഖണ്ഡിക്കാൻ ഇത് അനിവാര്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ഇരയുടെ മൊഴിപ്പകർപ്പിന് നിയമനടപടി സ്വീകരിച്ച കൊച്ചിയിലെ പീഡനക്കേസിലെ പ്രതിക്ക് അവ്യക്തമായ 164 മൊഴിപ്പകർപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. വായനായോഗ്യമായ പകർപ്പിനായി പ്രതി നേരത്തേ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. പകർപ്പ് അവ്യക്തമാണെന്ന് കോടതി അംഗീകരിച്ചെങ്കിലും ഹരജി തള്ളി. വിചാരണവേളയിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ സമൻസ് അയച്ച് വരുത്തി വ്യക്തത തേടുകയാണ് ഏക പോംവഴിയെന്നും പ്രത്യേക കോടതി ഉത്തരവിട്ടു.
എന്നാൽ, ഈ നടപടി ന്യായമല്ലെന്ന് വിലയിരുത്തിയ ഹൈകോടതി, നീതിപൂർവമായ വിചാരണ പ്രതികളുടെ അവകാശമാണെന്ന് വ്യക്തമാക്കി. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തിയാലും പ്രോസിക്യൂഷൻ ശരിയായി വിസ്തരിക്കുമെന്ന് പറയാനാകാത്ത സാഹചര്യത്തിൽ പ്രതിയുടെ അവകാശം ഹനിക്കപ്പെടാനിടയുണ്ട്. അതിനാൽ ഹരജിക്കാരന് വായനായോഗ്യമായ പകർപ്പ് 15 ദിവസത്തിനകം നൽകണം. പ്രത്യേക കോടതി ജീവനക്കാർക്ക് ഇത് തയാറാക്കാൻ മൊഴിയെടുത്ത മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.