ബാലുശ്ശേരി: പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി മുഹമ്മദ് സറീഷിനെ (24) പൊന്നാനിയിൽ കാമുകിയെ കാണാനെത്തിയപ്പോൾ പൊലീസ് പിടികൂടി. വാഹനത്തിൽ 4.200 കി.ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഫെബ്രുവരി നാലിനാണ് മുഹമ്മദ് സറീഷിനെയും കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെയും അറസ്റ്റ് ചെയ്തത്.
രാത്രി പ്രതികളെ വിഡിയോ കോൺഫറൻസ് മുഖേന മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നതിനിടെയാണ് പൊലീസിനെ തള്ളിവീഴ്ത്തി പ്രതികൾ ഓടിരക്ഷപ്പെട്ടത്. കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെ ഓടിച്ച് പിടിച്ചെങ്കിലും മുഹമ്മദ് സറീഷ് രക്ഷപ്പെടുകയായിരുന്നു.
രാത്രിതന്നെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സമീപപ്രദേശങ്ങളിലും പറമ്പുകളിലും പുലരുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും വിവരം കൈമാറുകയും ജില്ല അതിർത്തികളിലും മറ്റും പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
രക്ഷപ്പെട്ട പ്രതി അന്ന് രാത്രി ബാലുശ്ശേരി കോട്ടനട ഭാഗത്തെ ആളില്ലാത്ത വീടിെൻറ ടെറസ്സിൽ ഒളിച്ചുതാമസിച്ചശേഷം രാവിലെയോടെ പേരാമ്പ്രയിലെ വീട്ടിലെത്തി വസ്ത്രങ്ങൾ എടുത്തശേഷം തൃശൂർ കുന്നംകുളം ഭാഗത്തേക്കു പോയി അവിടെ കറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഗുരുവായൂരിലെത്തി അവിടെനിന്ന് പൊന്നാനിയിലെ ഒരു മതസ്ഥാപനത്തിൽ താമസിക്കുന്ന കാമുകിയെ കാണാൻ എത്തിയപ്പോഴാണ് പൊലീസിെൻറ വലയിൽ കുടുങ്ങിയത്.
പൊന്നാനിയിൽ കാമുകിയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊന്നാനി പൊലീസിെൻറ സഹായം തേടിയിരുന്നു. പൊന്നാനി പൊലീസിെൻറ സഹായത്തോടെ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊന്നാനിയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എറണാകുളത്തും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരിവസ്തു വിൽപനയുമായി ബന്ധപ്പെട്ട് കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ എറണാകുളം കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘവുമായി മുഹമ്മദ് സറീഷിന് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്.ഐ. മധു, എ.എസ്.ഐമാരായ പൃഥ്വിരാജ്, സജീവൻ, റഷീദ്, ഡ്രൈവർ ഗണേശൻ എന്നിവരും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം വിഡിയോ കോൺ ഫറൻസ് വഴി പേരാമ്പ്ര കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.