തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയ ഇടത് സംഘടനാ പ്രവര്‍ത്തകനും ഐ.എച്ച്.ആർ.ഡി ജീവനക്കാരനുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരായ പൊലീസ് നടപടി വൈകും. പരാതി നൽകിയ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തയെങ്കിലും നന്ദകുമാറിനെ പൂജപ്പുര പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
വ്യക്തിഹത്യ നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. അതേസമയം, അക്കൗണ്ട് സംബന്ധിച്ച ചോദ്യങ്ങൾ ഫേസ്ബുക്ക് മറുപടി നൽകാറില്ലെന്നാണ് വിവരം. അതിനാൽ, കേസ് നീട്ടി കൊണ്ടു പോകാൻ പൊലീസ് സാധിക്കും.
വ്യക്തിഹത്യക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. തുടർന്ന് നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന് എഫ്.ബി പേജ് അപ്രത്യക്ഷമായി. കൊളത്താപ്പിള്ളി നന്ദകുമാര്‍ എന്ന പേരിൽ മറ്റൊരു എഫ്.ബി പേജും ഇയാൾക്കുണ്ട്.
അച്ചു ഉമ്മനെ വ്യക്തിഹത്യ നടത്തിയ നന്ദകുമാര്‍ കൊളത്താപ്പിള്ളി നിലവിൽ ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥനാണെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഉന്നത തസ്തികയിലാണ് നന്ദകുമാര്‍ ജോലി ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറി തസ്തികയിൽ നിന്ന് ഒരു വർഷം മുമ്പ് വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ നന്ദകുമാറിനും ബാധകമാണ്. എന്നാൽ, വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെതിരെ വകുപ്പ് തല നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നന്ദകുമാറിനെതിരായ ആരോപണം പരിശോധിച്ച് വരികയാണെന്നാണ് ഐ.എച്ച്.ആർ.ഡിയുടെ വിശദീകരണം. വ്യക്തിഹത്യ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. കരാർ ജീവനക്കാരനായത് കൊണ്ട് എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് പരിശോധിക്കുകയാണെന്നും ഐ.എച്ച്.ആർ.ഡി വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ മകൻ ഡോ. വി.എ അരുൺ കുമാറാണ് ഐ.എച്ച്.ആർ.ഡി ഡയറക്ടർ.
പോസ്റ്റുകളിലെ വാചകങ്ങളും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട സൈബർ അക്കൗണ്ടുകളുടെ വിവരങ്ങളും അച്ചു ഉമ്മന്‍ മൊഴിയായി നൽകിയിട്ടുണ്ട്. അച്ചു ഉമ്മൻ സംസ്ഥാന വനിത കമീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും അപമാനിച്ചുവെന്നായിരുന്നു പരാതി. പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.