തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങളുമായി ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താനുള്ള പരിശോധന അന്തിമഘട്ടത്തിലേക്കടുക്കവെ കൂടുതൽ പേർക്കെതിരെ വകുപ്പുതല നടപടി വരും.പൊലീസുകാരുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ കാര്യങ്ങൾ വിജിലൻസും പരിശോധിക്കുന്നുണ്ട്. ഗുണ്ടാബന്ധത്തിന് സസ്പെൻഷനിലുള്ള ഡിവൈ.എസ്.പി, സി.ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഗുണ്ടാ-റിയൽ എസ്റ്റേറ്റ് മാഫിയക്കായി ഒത്തുതീർപ്പ് ചർച്ച നടത്തി ഇവർ പണം സമ്പാദിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
മൂന്ന് ഐ.പി.എസുകാർക്കെതിരെയും അന്വേഷണമുണ്ട്. രണ്ട് ഡിവൈ.എസ്.പിമാർ, മൂന്ന് എസ്.ഐമാർ, അസി. എസ്.ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. പുറമെ അമ്പതോളം പൊലീസുകാരുടെ സ്വത്ത് സമ്പാദനം ഉൾപ്പെടെ കാര്യങ്ങളും വിജിലൻസ് പരിശോധിക്കുന്നു.
വിജിലൻസിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ കൂടുതൽ പരിശോധന വേണമെന്ന നിലപാടിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഗുണ്ടാ ബന്ധത്തിന് സസ്പെൻഷനിലായ ഡിവൈ.എസ്.പി വിജിലൻസ് സ്പെഷൽ യൂനിറ്റിലുള്ള ആളായിരുന്നു. വിജിലൻസിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ പൂർവകാല ചരിത്രം ഉൾപ്പെടെ പരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ട്. അഴിമതിക്കാരെയും അച്ചടക്കനടപടിക്ക് വിധേയരായവരെയും ഇവിടെ നിയമിക്കാറില്ല.
എന്നാൽ, അതെല്ലാം ലംഘിക്കപ്പെടുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അഴിമതിക്കാരായ പൊലീസുകാർക്കെതിരെ പ്രോസിക്യൂഷന് പുറമെ സർവിസിൽനിന്ന് പിരിച്ചുവിടുന്നതടക്കം നടപടിയുണ്ടാവും. ക്രിമിനൽ, അഴിമതി കേസുകളിൽ ഉൾപ്പെട്ട പൊലീസുകാരുടെ പട്ടിക തയാറാക്കി സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മിക്ക ജില്ലകളിലും നടപടി പൂർത്തിയായിട്ടുണ്ട്.
പട്ടിക ഉടൻ പൊലീസ് ആസ്ഥാനത്തെ പ്രത്യേക സെല്ലിൽ സമർപ്പിക്കും. നോട്ടീസ് നൽകി വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനാണ് ഇതിന്റെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.