കൊച്ചി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുമെന്ന് സ്ഥാപന ഉടമകളായ എൻ.ബി.ടി.സി കമ്പനി അധികൃതർ. കമ്പനി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപ ഉടൻ നൽകും. കൂടാതെ, ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമുൾപ്പെടെ ഉയർന്ന തുക നൽകുമെന്നും എൻ.ബി.ടി.സിയുടെ ഇന്ത്യൻ വിഭാഗമായ കെ.ജി.എ ഗ്രൂപ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ കെ.സി. ഈപ്പൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കാവശ്യമായ പിന്തുണ കമ്പനി നൽകുന്നുണ്ട്. ദുരന്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സെക്യൂരിറ്റി റൂമിലാണ് സംഭവിച്ചത്. ഇത് പിന്നീട് പുകയായി പടരുകയായിരുന്നു. തീപിടിച്ച കെട്ടിടത്തിൽ സെൻട്രലൈസ്ഡ് എ.സി സംവിധാനമുണ്ടായിരുന്നു. ഉറങ്ങുന്ന സമയമായതിനാൽ ആരും തീപിടിച്ചത് അറിഞ്ഞില്ല. കുവൈത്ത് സർക്കാറിന്‍റെ അന്വേഷണത്തിന് പൂർണ സഹകരണമാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ളത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ഉറപ്പുവരുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. എൻ.ബി.ടി.സി ഗ്രൂപ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഷിബി ഈപ്പൻ എബ്രഹാം ഉൾപ്പെടെയുള്ളവർ മൃതദേഹങ്ങളെ അനുഗമിച്ച് കൊച്ചിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.