അജ്ഞാത സിനിമ റിവ്യൂ പോസ്റ്റുകൾക്കെതിരെ നടപടി ഉറപ്പാക്കണം -ഹൈകോടതി

കൊച്ചി: സിനിമ നിരൂപണമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അജ്ഞാത പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും അർപ്പണവും പ്രശസ്തിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മറവിൽ ചിലർ നടത്തുന്ന അധിക്ഷേപകരമായ നിരൂപണങ്ങളിലൂടെ തകർത്തെറിയുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

തങ്ങളെ നിയന്ത്രിക്കാൻ നിയമങ്ങളോ മാർഗരേഖകളോ ഇല്ലെന്ന ധാരണയിലാണ് ഇവരുടെ പ്രവർത്തനം. അംഗീകൃത മാധ്യമപ്രവർത്തകരോ രജിസ്ട്രേഷൻ സമ്പാദിച്ച് എന്തെങ്കിലും സേവന പ്രവർത്തനം ചെയ്യുന്നവരോ ആണെന്ന് വ്യക്തമാക്കുന്ന രേഖകളൊന്നും ഇവർക്കില്ല. നിരൂപണങ്ങളെന്നാൽ അറിയിക്കാനും ബോധവത്കരിക്കാനുമുള്ളതാണ്. തകർക്കാനും നശിപ്പിക്കാനുമല്ല. ഈ യാഥാർഥ്യം ഉൾക്കൊണ്ട് വേണം പൊലീസ് നടപടി സ്വീകരിക്കേണ്ടതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

സിനിമകളെ തകർക്കുന്ന തരത്തിലുള്ള നെഗറ്റിവ് റിവ്യൂകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ‘ആരോമലിന്‍റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചൊവ്വാഴ്ച ഹരജി പരിഗണിക്കവെ, കോടതി ഉത്തരവുകളെ തുടർന്ന് ദുരുദ്ദേശ്യത്തോടെയുള്ള സിനിമ നിരൂപണങ്ങൾക്ക് നിയന്ത്രണം വന്നിട്ടുള്ളതായി അമിക്കസ് ക്യൂറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ പൊലീസ് നടപടി സ്വീകരിച്ചതായി സർക്കാർ അഭിഭാഷകയും പറഞ്ഞു. അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള ഇത്തരം സമൂഹമാധ്യമ പോസ്റ്റുകൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്.

സിനിമ നിരൂപകരെന്ന പേരിൽ വരുന്നവരിലേറെയും അംഗീകാരമുള്ള മാധ്യമപ്രവർത്തകരോ നിയമാനുസൃത മാർഗ രേഖകൾ പിൻപറ്റുന്നവരോ അല്ലെന്ന് ഹരജിക്കാർ പറഞ്ഞു.

ഇത്തരക്കാർക്കെതിരെ ഹൈകോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ് പ്രശ്നപരിഹാരമെന്നും ചൂണ്ടിക്കാട്ടി. വിഷയം നിരീക്ഷിക്കുന്നുവെന്നും രണ്ടാഴ്ചക്കകം വിശദീകരണം നൽകുമെന്നും കേന്ദ്ര സർക്കാറും അറിയിച്ചു. തുടർന്ന് ഹരജികൾ വീണ്ടും 21ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Action should be ensured against anonymous movie review posts - HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.