കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ വിലയിരുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.
നേരത്തേ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരം പ്ലാൻറ് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് പ്ലാൻറിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ആഴ്ചയും യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
മാലിന്യ പ്ലാന്റിന്റെ ഉൾഭാഗത്തേക്കുള്ള റോഡുകൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചു. നേരത്തേ പൂർത്തിയാക്കിയ റോഡുകളിൽ ഫയർ എൻജിൻ ഓടിച്ച് പരിശോധിച്ചു. പരിശോധനക്ക് ശേഷം റോഡ് ശക്തിപ്പെടുത്താനായി രേഖപ്പെടുത്തിയ സ്ഥലങ്ങൾ ശക്തിപ്പെടുത്തിയതായി കോർപ്പറേഷൻ അറിയിച്ചു.
സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രണ്ടു ദിവസത്തിനകം പൂർത്തിയാകും. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി യോട് സ്ഥലം സന്ദർശിച്ച് രണ്ടു ദിവസത്തിനകം ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു.
75 ലക്ഷം ചെലവിൽ ഹൈഡ്രൻറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജലസംഭരണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. പ്ലാൻറിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയുടെ ആക്സസ് പൊലീസിന് നൽകിയിട്ടുണ്ട്. ഫയർ വാച്ചർമാർക്ക് പരിശീലനം പൂർത്തിയായി. 50 പേരെയാണ് ഫയർ വാച്ചർമാരായി നിയോഗിച്ചിട്ടുള്ളത്. ഒരേ സമയം 10 ടീമുകളാണ് പ്രവർത്തിക്കുന്നത്. കടമ്പ്രയാറിലെ ഡീസിൽറ്റിംഗ് 65 ശതമാനം പൂർത്തിയായതായി ഇറിഗേഷൻ വകുപ്പ് അറിയിച്ചു. ഒന്നര ആഴ്ചക്കുള്ളിൽ ഇത് പൂർത്തിയാകും.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം. അനിൽ കുമാർ, പി.വി. ശ്രീനിജിൻ എം.എൽ.എ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് എന്നിവർ ഓൺലൈനായും കലക്ടർ എൻ. എസ്.കെ. ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ചെൽസ സിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് തുടങ്ങിയവർ നേരിട്ടും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.