തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഗുണ്ട, മയക്കുമരുന്ന്, സ്വർണക്കടത്ത് സംഘങ്ങളെ അമർച്ചചെയ്യാനും പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കും. കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സാഹചര്യത്തിൽ ഡി.ജി.പി അനിൽകാന്ത് വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് ഇടപെടൽ സജീവമാക്കുന്നതുൾപ്പെടെ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. തൊഴിലാളി ക്യാമ്പുകളിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തും. എവിടെ നിന്നാണ് ലഹരിവസ്തുക്കൾ ലഭിക്കുന്നതെന്നറിയാൻ രഹസ്യ നിരീക്ഷണം ശക്തമാക്കും.
സമൂഹമാധ്യമ ഇടപെടലുകളും നിരീക്ഷിക്കും. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കും. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് സംഘത്തിെൻറ സംസ്ഥാന നോഡൽ ഓഫിസർ. ജില്ലകളിൽ രണ്ട് സ്ക്വാഡുകളെ വീതമാണ് നിയോഗിക്കുക. നാർകോട്ടിക് സെൽ ഡിവൈ.എസ്.പിമാർക്കാകും ജില്ലകളിലെ ചുമതല. സ്വർണക്കടത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള സ്ക്വാഡുകളുടെ ചുമതല ക്രൈംബ്രാഞ്ച് എസ്.പിമാർക്കാണ്. പുതുവത്സരാഘോഷങ്ങളിൽ ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങളും നടപടികളും യോഗം ചർച്ച ചെയ്തു. ഈമാസം 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം കർശനമായി നടപ്പാക്കും.
തിരുവനന്തപുരം: അതിഥിത്തൊഴിലാളികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും അവരുടെ ക്യാമ്പുകൾ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും സ്ഥിരമായി സന്ദർശിക്കണമെന്നും എ.ഡി.ജി.പി വിജയ് സാക്കറെ നിർദേശിച്ചു. തൊഴിലാളികളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കണം. അതിനായി ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥനെ പൊലീസ് സ്റ്റേഷനുകളിൽ നിയോഗിക്കണം. പൊലീസിെൻറ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണം. ഇത്തരം തൊഴിലാളികളെ പാർപ്പിക്കുന്ന തൊഴിലുടമ, കരാറുകാർ എന്നിവരെയും ഉദ്യോഗസ്ഥർ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.