നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ദിലീപ്

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും ചേർന്ന്​ വിചാരണക്കോടതി ജഡ്ജി വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്​ തടസ്സപ്പെടുത്തുകയാണെന്ന്​ ദിലീപ്​ ഹരജിയിൽ ആരോപിച്ചു. തന്‍റെ മുൻ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഡി.ജി.പി റാങ്കിലുള്ള ഉന്നത പൊലീസ് ഓഫിസർ തന്നെ കേസിൽപെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപിന്‍റെ ഹരജിയിലുണ്ട്​.

വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്​ ശ്രമിക്കുന്നതെന്ന്​ ദിലീപ് അപേക്ഷയിൽ ആരോപിച്ചു. അതിനാൽ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത്​. തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുതയുള്ള മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപെടുത്തിയത്. തുടരന്വേഷണത്തിന്‍റെ പേരിൽ തനിക്കെതിരെ മാത്രമല്ല, തന്‍റെ അഭിഭാഷകർ, വിചാരണക്കോടതി ജഡ്ജി എന്നിവർക്കെതിരെ മാധ്യമ വിചാരണ നടക്കുകയാണ്​. വിചാരണക്കോടതി ജഡ്ജിക്കെതിരെയും തന്‍റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹരജികൾ സമർപ്പിച്ചു. അതിജീവിതക്കുവേണ്ടി ചാനൽ ചർച്ചകളിൽ വരാറുള്ള അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തക്ക്​ അതിജീവിത നൽകിയ അഭിമുഖത്തെയും ദിലീപ് ചോദ്യം ചെയ്തു. ഇതുവരെ നടിയെ ആക്രമിച്ച കേസ്​ സുപ്രീംകോടതിയിൽ പരിഗണിച്ചിരുന്ന ബെഞ്ചിന്​ നേതൃത്വം നൽകിയ ജസ്റ്റിസ്​ എ.എം. ഖാൻവിൽക്കർ വെള്ളിയാഴ്ച വിരമിച്ചതിനാൽ പുതിയ ബെഞ്ചാകും കേസ്​ ഇനി പരിഗണിക്കുക. 

Tags:    
News Summary - actor dileep approaches supreme court in actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.