നെടുമ്പാശ്ശേരി: തനിക്കെതിരായ പീഡന പരാതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാഗ്രഹിക്കുന്നില്ലെന്ന് നടൻ ജയസൂര്യ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം കോടതിയുടെ പരിഗണനയിലാണ്. നിജസ്ഥിതി വഴിയേ മനസ്സിലാകും. പരാതികളെ നിയമപരമായ വഴിയിലൂടെത്തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013ൽ തൊടുപുഴയിലും പരിസരത്തുമായി ചിത്രീകരിച്ച ‘പിഗ്മാൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് നടൻ ജയസൂര്യ തന്നെ കടന്നുപിടിച്ചതെന്ന് നടി പ്രത്യേക സംഘത്തിന്‍റെ മേധാവി എ.ഐ.ജി പൂങ്കുഴലിക്ക് മൊഴി നൽകിയിരുന്നു. ജയസൂര്യ സിനിമ ലൊക്കേഷനിൽ തന്നെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ നടി തൊടുപുഴ പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിൽനിന്ന് പിന്മാറാൻ പ്രലോഭനങ്ങളും ഭീഷണിയുമായി പലരും വിളിക്കുന്നുണ്ടെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. പിന്മാറില്ലെന്നും ഉറച്ചുനിൽക്കുകയാണെന്നും അവർ വ്യക്തമാക്കി. ആദ്യം കേസിന് പോകേണ്ടെന്ന് കരുതിയതാണ്. എന്നാൽ, കുടുംബത്തിന്‍റെ പിന്തുണയാണ് ഉറച്ചുനിൽക്കാൻ ധൈര്യം നൽകുന്നത്. സ്ത്രീകളടക്കം പലരും തന്നെ വിളിക്കുന്നുണ്ട്.
അനുനയത്തിലാണ് സംസാരിക്കുന്നതെങ്കിലും അതിലും ഭീഷണിയുടെ സ്വരമുണ്ട്. മാധ്യമങ്ങളോട് ഇനി സംസാരിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. ചിലർ പണം വേണമോ എന്ന് ചോദിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞു പോലും ചിലർ വിളിക്കുന്നുണ്ട്. സിനിമയിൽ അവസരം വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.