കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളി. ചൊവ്വാഴ്ച ഉച്ചക്കുശേഷം, തുറന്ന കോടതിയിലാണ് ഹരജി അനുവദിക്കാനാവില്ലെന്ന് ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കിയത്. ഏറെ വൈകിയും ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷന് ലഭ്യമായിട്ടില്ല. ഉത്തരവ് ലഭിച്ചാലുടൻ ഹൈകോടതിയെ സമീപിക്കുമെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നും കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായി എന്നും ഇതെല്ലാം ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്കനുസരിച്ചാണ് പ്രോസിക്യൂഷന്റെ വാദമെന്നും ദിലീപിന്റെ അഭിഭാഷകനും ബോധിപ്പിച്ചിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദിവസങ്ങൾ നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലാണ് ഹരജി തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് 2017 ഒക്ടോബർ മൂന്നിനാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിന് കോടതി ഉത്തരവ് തിരിച്ചടിയാവും. പ്രോസിക്യൂഷന്റെ ഹരജി തള്ളിയ വിചാരണക്കോടതി ജൂലൈ 16ന് വിചാരണ പുനരാരംഭിക്കാനാണ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.