കൊച്ചി: നടിയെ ആക്രമിച്ചത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ. പ്രതിക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകില്ലെന്നും അന്വേഷണം ശരിയായ രീതിയിലാണെന്നും സർക്കാറിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.
ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം പൂർത്തിയായതിനെത്തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
സി.ബി.ഐക്ക് കൈമാറുന്നതിൽ എന്താണ് എതിർപ്പെന്ന് വാദത്തിനിടെ ജസ്റ്റിസ് സിയാദ് റഹ്മാൻ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയത് പൊലീസ് അന്വേഷിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. എന്നാൽ, അന്വേഷണത്തെക്കുറിച്ച് ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കാനാകാത്ത വിധം മായ്ച്ചുകളഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഏഴ് ഫോൺ ആവശ്യപ്പെട്ടതിൽ ആറെണ്ണമാണ് ഹാജരാക്കിയത്. ഫോണിലെ മെമ്മറി നിറഞ്ഞതിനെത്തുടർന്ന് സന്ദേശങ്ങൾ മായ്ക്കുക മാത്രമാണ് ചെയ്തതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് അഗർവാളിന്റെ മറുപടി.
വെറും വാക്ക് പറഞ്ഞത് ഗൂഢാലോചനയാകുമോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്ര കുമാർ എന്തുകൊണ്ട് തെളിവുകൾ യഥാസമയം കൈമാറിയില്ലെന്നും അദ്ദേഹത്തിന് മറ്റു താൽപര്യങ്ങളില്ലെന്ന് ഉറപ്പാണോയെന്നും ആരാഞ്ഞു. ദിലീപുമായി ബാലചന്ദ്ര കുമാറിന് നേരത്തേ സൗഹൃദം ഉണ്ടായിരുന്നെന്നും അദ്ദേഹം നിർണായക സാക്ഷിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ഒരാഴ്ചക്കകം വിധി പറയുമെന്നും ഇതിനകം കുറ്റപത്രം സമർപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് പ്രോസിക്യൂഷനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.