കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. നേരത്തേ വിധി പറയാൻ മാറ്റിയതാണെങ്കിലും ചില കാര്യങ്ങളിൽ വ്യക്തതക്കായി വീണ്ടും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് കെ. ബാബു വിധി പറയാൻ മാറ്റിയത്.
മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹരജി. എന്നാൽ, വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഇത്തരം ആരോപണങ്ങളെന്നാണ് പ്രതിയായ നടൻ ദിലീപിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച കോടതി, കാർഡിലെ വിവരങ്ങൾ ചോർന്നത് ഇരയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും വാക്കാൽ പരാമർശിച്ചു. കാർഡ് അനധികൃതമായി പരിശോധിച്ചതും ദൃശ്യങ്ങൾ ചോർന്നതും അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തി. കാർഡ് അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്ന് ഒരു ഘട്ടത്തിൽ കോടതിതന്നെ പറഞ്ഞിട്ടുണ്ടെന്ന് സർക്കാറും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.