ഗണേഷ്കുമാറിന്‍റെ പി.എ കൂലിക്കാരൻ മാത്രം, നടന്നത് വലിയ ഗൂഢാലോചന- സാക്ഷി വിപിൻലാൽ

കാസർകോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതിനും സ്വാധീനിക്കാൻ ശ്രമിച്ചതിനും പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേസിലെ മാപ്പുസാക്ഷി വിപിൻലാൽ. ഇന്ന് അറസ്റ്റിലായ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ വെറും കൂലിക്കാരൻ മാത്രമാണെന്നും വിപിൻ ലാൽ പറഞ്ഞു.

'പ്രദീപ് കുമാറിനെ നിയോഗിച്ചവരെ പറ്റി വിശദമായ അന്വേഷണം വേണം. പ്രദീപ് കുമാറിന് ഇക്കാര്യത്തിൽ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല. അദ്ദേഹത്തിന് കേസുമായി ബന്ധമില്ല. പ്രദീപ് ആർക്കുവേണ്ടിയാണ് വന്നത്, അതുകൊണ്ട് ആർക്കാണ് ഗുണമുണ്ടായത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്' വിപിൻ ലാൽ പറഞ്ഞു.

ദിലീപിന് അനുകൂലമായി മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് തന്നെ പ്രദീപ്കുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് ബേക്കൽ പൊലീസിൽ വിപിൻലാൽ പരാതി നൽകിയിരുന്നു. തെളിവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് കാസർകോട് പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷമായിരുന്നു വിപിൻലാലിന്‍റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി/സുനിൽകുമാർ കാക്കനാട് സബ് ജയിലിൽ താമസിച്ചിരുന്ന സെല്ലിലുണ്ടായിരുന്ന റിമാന്‍റ് തടവുകാരനായിരുന്നു വിപിൻലാൽ.  ചെക്ക് കേസിൽപ്പെട്ടാണ് വിപിൻലാൽ ജയിലിലാകുന്നത്. ഈ സെല്ലിലേക്കാണ് പിന്നീട് പൾസർ സുനിയെ കൊണ്ടുവന്നത്.

കേസിൽ ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൾസർ സുനി നൽകാൻ ശ്രമിച്ച കത്ത് എഴുതിയത് വിപിൻലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യിൽ കിട്ടിയതോടെ കേസിൽ വിപിൻലാലും പ്രതിയായി. പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.

ജയിലിൽ കഴിയുന്ന തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ ആരും ജാമ്യത്തിലിറക്കേണ്ടെന്നായിരുന്നു തന്‍റെ നിലപാടെന്നും വിപിൻലാൽ പറഞ്ഞിരുന്നു. 2018 സെപ്തംബറിൽ കേസിൽ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു വിപിൻലാൽ.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പത്തനാപുരത്തെത്തി പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്ന് കെ.ബി ഗണേഷ് കുമാർ അനൗദ്യോഗികമായി പറഞ്ഞു. വാർത്താക്കുറിപ്പായി ഇക്കാര്യം അറിയിക്കുമെന്നും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലെന്നുമാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം.

ഇതിനിടെ കേസിലെ പ്രധാന സാക്ഷിയായ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ജിൻസൺ മൊഴി മാറ്റാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് കാണിച്ച് പീച്ചി പൊലീസിൽ പരാതി നൽകി. 25 ലക്ഷം രൂപയും അഞ്ച് സെന്‍റും വാഗ്ദാനം ചെയ്തു. വഴങ്ങാത്തതിനാൽ തന്നെ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും ജിൻസൻ മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് ജയിലിൽ പൾസർ സുനിയോടും വിപിൻ ലാലിനുമൊപ്പം ഒരു സെല്ലിലായിരുന്നു ജിൻസണും ഉണ്ടായിരുന്നത്. 

നടിയെ ആക്രമിച്ച കേസിൽ നിരവധി പേർ മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചിട്ടുണ്ട്. നേരത്തേ നടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത് വിവാദമായിരുന്നു. ഡബ്ലിയു.സി.സിയും നടിമാരും സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഇതിനെതിരെ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.