‘ഹോട്ടൽമുറിയിൽ വെച്ച് കടന്നുപിടിച്ചു’; ബാലചന്ദ്രമേനോനെതിരെ നടിയുടെ പീഡന പരാതി

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ പീഡന പരാതിയുമായി നടി. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആലുവ സ്വദേശിനിയായ നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ പറയുന്നത്. ഭയം കാരണമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും ഇവർ പറയുന്നു. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ മുമ്പ് പരാതി നല്‍കിയ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും രംഗത്തെത്തിയത്.

‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ദുബൈയില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. അമ്മക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിനു ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു. മുറിയിൽ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ദേഷ്യപ്പെട്ട് താന്‍ മുറിയിലേക്ക് മടങ്ങി. പിറ്റേന്ന് രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്ക് വിളിച്ചു. ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്രമേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.

നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോനെതിരേ നടി ലൈം​ഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Actress harassment complaint against Balachandra Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.